സ്വന്തമായി ഗെയിമുകൾ വികസിപ്പിക്കുവാനായി ഗൂഗിള്‍ ആരംഭിച്ച സ്റ്റേഡിയ ഗെയിം ഡെവലപ്മെന്‍റ് ഡിവിഷൻ അടച്ചുപൂട്ടുവാനൊരുങ്ങി കമ്പനി. സ്വന്തം ഗെയിമുകളില്ലെങ്കിലും പുറത്തുന്നിന്നുള്ള ഗെയിമിങ് കമ്പനികളും പബ്ലിഷർമാരും സ്റ്റേഡിയ പ്ലാറ്റ്ഫോം കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് സ്വന്തം ഗെയിമുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി കമ്പനി ഉപേക്ഷിക്കുന്നത്.
സ്റ്റേഡിയയുടെ പേരിൽ എക്സ്ക്ലൂസീവ് ഗെയിമുകൾ ഇനി പുറത്തിറങ്ങില്ല. സ്റ്റേഡിയ, സ്റ്റേഡിയ പ്രോ വരിക്കാരാവുന്നതിലൂടെ ഉപയോക്താക്കൾക്ക് പ്ലാറ്റ് ഫോമിലെ മറ്റ് ഗെയിമുകൾ കളിക്കാവുന്നതാണ്.
പ്ലേ സ്റ്റേഷൻ, എക്സ് ബോക്സ് പോലുള്ള ഗെയിമിങ് രംഗത്തെ എതിരാളികളുമായി മത്സരിക്കുന്നതിനാണ് ഗൂഗിൾ സ്റ്റേഡിയ എന്ന പേരിൽ ഒരു ക്ലൗഡ് ഗെയിമിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഗെയിമിങ് കമ്പനികൾ ഇതിലേക്ക് ആകർഷിക്കപ്പെട്ടതോടെ അവർക്കായി സാങ്കേതിക പിന്തുണ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.
അടുത്തിടെ സൈബർ പങ്ക് 2077 എന്ന ഗെയിം സ്റ്റേഡിയയിൽ അവതരിപ്പിച്ചിരുന്നു. ക്ലൗഡ് ഗെയിം പ്ലാറ്റ്ഫോം ആയതിനാൽ ഏത് ഉപകരണത്തിലും സ്റ്റേഡിയ ഗെയിമുകൾ കളിക്കാവുന്നതാണ്.
Leave a Reply