സരിഗമ കാര്‍വാന്‍ കരോക്കെ ഇന്ത്യയില്‍

saregama carvaan

സംഗീതത്തിനൊപ്പം വരികള്‍ തെറ്റാതെ പാടാൻ സഹായമൊരുക്കി പോർട്ടബിൾ ഓഡിയോ പ്ലെയറായ സരിഗമ കാർവാൻ കരോക്കെ ഓഡിയോ പ്ലെയര്‍ പുറത്തിറക്കി. ലതാ മങ്കേഷ്കറുടെ റെട്രോ ഹിറ്റുകൾ മുതൽ മുഹമ്മദ് റാഫിയുടെ ഏറ്റവും മികച്ചവയുള്‍പ്പെടെ നിരവധി ക്ലാസിക് ട്രാക്കുകൾക്ക് വരികൾ പ്രദർശിപ്പിക്കുന്നതിനായി ഇൻബിൽറ്റ് സ്ക്രീന്‍ നല്‍കിയാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ട്രാക്കുകൾ തിരഞ്ഞെടുക്കുന്നതിനും മ്യൂട്ട് ചെയ്യുന്നതിനും വോളിയം ക്രമീകരിക്കുന്നതിനും ഉൾപ്പെടെ ഫിസിക്കല്‍ കണ്‍ട്രോളിംഗ് ഉൾക്കൊള്ളുന്ന നിലവിലുള്ള കാർവാൻ ബ്ലൂടൂത്ത് സ്പീക്കറുകളുടെ വിന്‍റേജ് രൂപകൽപ്പനയും പുതിയ കാർവാൻ കരോക്കെ നിലനിർത്തുന്നു.

സരിഗമ കാർവാൻ കരോക്കെ വില

ഇന്ത്യയിൽ 19990 രൂപയാണ് സരിഗമ കാർവാൻ കരോക്കെയുടെ വില. കമ്പനിയുടെ വെബ്‌സൈറ്റ് വഴി ഓഡിയോ പ്ലെയർ വാങ്ങാൻ ലഭ്യമാണ്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെയും ഇത് ഉടൻ ലഭ്യമാകും. മെറ്റാലിക് റെഡ് കളർ ഓപ്ഷനിലാണ് കാർവാൻ കരോക്കെ അവതരിപ്പിച്ചിരിക്കുന്നത്.

സരിഗമ കാർവാൻ കരോക്കെ സവിശേഷതകൾ

നിലവിലുള്ള കാർവാൻ 2.0 ന് സമാനമായി, ആർട്ടിസ്റ്റുകൾ, സ്പെഷ്യലുകൾ, അമീൻ സയാനിയുടെ ക്ലാസിക് റേഡിയോ ഷോ ഗീത്മാല എന്നിവയെ അടിസ്ഥാനമാക്കി 130 ഓളം സ്റ്റേഷനുകളിലായി 5000 ഹിന്ദി ഗാനങ്ങൾ പ്രീലോഡുചെയ്തിട്ടുണ്ട്. പ്രീലോഡഡ് കളക്ഷനില്‍ നിന്ന് എഫ്എം / എഎം റേഡിയോ, യുഎസ്ബി, ഓക്സ് ഇൻ അല്ലെങ്കിൽ ബ്ലൂടൂത്ത് എന്നിവയിലേക്ക് മാറുന്നതിന് ഡെഡിക്കേറ്റഡ് മോഡുകളും ഉണ്ട്. എന്നാല്‍ ഇതിലെ പ്രധാന സവിശേഷതയായി ചൂണ്ടികാണിക്കുന്നത് ഇൻബിൽറ്റ് സ്‌ക്രീനിന്‍റെ ലഭ്യതയും അഭിനേതാക്കൾ, കലാകാരന്മാർ, കാലഘട്ടങ്ങൾ, മാനസികാവസ്ഥകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിരിക്കുന്ന 1000 കരോക്കെ ട്രാക്കുകളും പ്രീലോഡ് ചെയ്‌തിരിക്കുന്നതുമാണ്.

ഇൻബിൽറ്റ് എച്ച്ഡിഎംഐ പോർട്ട് ഉപയോഗിച്ച് ടിവിയിലോ പ്രൊജക്ടറിലോ വരികൾ പ്രൊജക്റ്റ് ചെയ്യാനുള്ള കഴിവും കാർവാൻ കരോക്കെയിൽ ഉണ്ട്. വരികൾക്കായി ഉപയോക്താക്കൾക്ക് ഇംഗ്ലീഷും ഹിന്ദിയും തിരഞ്ഞെടുക്കാം. ഒരു പ്രത്യേക ട്രാക്ക് മാറ്റുന്നതും തിരഞ്ഞെടുക്കുന്നതും വോളിയം ലെവലുകൾ ക്രമീകരിക്കുന്നതും അല്ലെങ്കിൽ ഒരു ട്രാക്ക് പ്രിയങ്കരമാക്കുന്നതും ഉൾപ്പെടെ കരോക്കെ സവിശേഷതകൾ നിയന്ത്രിക്കാൻ കഴിയുന്ന ഒരു റിമോട്ടിനൊപ്പം രണ്ട് വയർലെസ് മൈക്കുകളും ഇതോടൊപ്പം ലഭ്യമാക്കുന്നുണ്ട്.

കാർവാൻ കരോക്കെയിൽ രണ്ട് 5W സ്പീക്കറുകളും ബ്ലൂടൂത്ത് പിന്തുണ, യുഎസ്ബി പോർട്ട്, എഫ്എം/എഎം റേഡിയോ, എച്ച്ഡിഎംഐ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഉൾപ്പെടുന്നു. വരികൾ പ്രദർശിപ്പിക്കുന്നതിനുള്ള കരോക്കെ സ്ക്രീനിന്‍റെ റെസല്യൂഷന്‍ 800×480 പിക്‌സലാണ്. ഒരൊറ്റ ചാർജ്ജിൽ ആറ് മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് നൽകുന്ന 4000 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*