ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്ക്ടോക്കിന്‍റെ എതിരാളിയായ ഡബ്സ്മാഷ് എന്ന ഹ്രസ്വ-വീഡിയോ പ്ലാറ്റ്ഫോം വാങ്ങുമെന്ന് സോഷ്യൽ നെറ്റ്‌വർക്ക് കമ്പനിയായ റെഡ്ഡിറ്റ് അറിയിച്ചു. ഇടപാടിന്‍റെ സാമ്പത്തിക നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ പണവും സ്റ്റോക്കും ചേർന്നതാണ് ഏറ്റെടുക്കൽ എന്ന് റെഡ്ഡിറ്റിന്‍റെ വക്താവ് പറഞ്ഞു.
ബൈറ്റ്ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ള ടിക്ടോക്കിന്‍റെ വിജയം നിരവധി സോഷ്യൽ മീഡിയ കമ്പനികളെ അവരുടെ പ്ലാറ്റ്ഫോമുകളിലേക്കും ഹ്രസ്വ-വീഡിയോ സേവനങ്ങൾ ഉള്‍പ്പെടുത്തുവാന്‍ പ്രേരണയായി. സ്നാപ്ചാറ്റ് ഇങ്ക് നവംബറിൽ “സ്പോട്ട്ലൈറ്റ്” പുറത്തിറക്കുകയും ഫെയ്സ്ബുക്ക് ഇങ്ക് “ഇൻസ്റ്റാഗ്രാം റീലുകൾ” ഈ വർഷം ആരംഭിക്കുകയും ചെയ്തു. ഈ വർഷമാദ്യം ഫെയ്സ്ബുക്കും സ്നാപ്പും ഡബ്സ്മാഷിനെ സ്വന്തമാക്കുവാന്‍ ശ്രമിച്ചിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
2013-ൽ സ്ഥാപിതമായ ഡബ്‌സ്മാഷ് ഒരു ജനപ്രിയ പ്ലാറ്റ്‌ഫോമായി മാറിയിരുന്നു, ഇതിലൂടെ ജനപ്രിയ മൂവി ഡയലോഗുകള്‍ക്കോ സൗണ്ട് ബൈറ്റ്സുകള്‍ക്കോ ഹ്രസ്വ രൂപത്തിലുള്ള ലിപ്-സിങ്ക് വീഡിയോകൾ സൃഷ്‌ടിക്കാനും മറ്റ് ഉപയോക്താക്കളുമായി അത് പങ്കിടാനും അനുവദിക്കുന്നു.
ഡബ്സ്മാഷിന്‍റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തതിനുശേഷം ആഗോളതലത്തിൽ 196.8 ദശലക്ഷം തവണ ഡൗൺലോഡ് ചെയ്തതായി അനലിറ്റിക്സ് കമ്പനിയായ സെൻസർ ടവർ പറയുന്നു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള റെഡ്ഡിറ്റ് ഡബ്സ്മാഷിനെ സ്വന്തം പ്ലാറ്റ്ഫോമും ബ്രാൻഡും ആയി നിലനിർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡബ്സ്മാഷിന്‍റെ സഹസ്ഥാപകരായ സുചിത് ഡാഷ്, ജോനാസ് ഡ്രെപ്പെൽ, ടിം സ്പെക്റ്റ് എന്നിവരുൾപ്പെടെ ഡബ്സ്മാഷിന്‍റെ മുഴുവൻ ടീമും റെഡ്ഡിറ്റിൽ ചേരും.
Leave a Reply