
ഫൗജി മൊബൈൽ ഗെയിം ഗൂഗിള്‍ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ നിര്‍മ്മിത ഷൂട്ടര്‍ ഗെയിമായ ഫൗജി പ്രീ-രജിസ്ട്രേഷന്റെ ഭാഗമായാണ് പ്ലേ സ്റ്റോറിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് പുതിയ ഗെയിം ലഭ്യമാകുക. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ കോര്‍ ഗെയിംസ് ആണ് ഫൗജിയുടെ സ്രഷ്ടാക്കള്‍.
അപകടം നിറഞ്ഞ ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് പെട്രോളിങിലുള്ള ഫൗജി കമാന്‍ഡോകളായാണ് ഗെയിമര്‍മാര്‍ അവതരിക്കുക. ഇന്ത്യയുടെ ശത്രുക്കളുമായി പോരാടുക,അതിജീവനത്തിനായി പോരാടുക എന്നിവയാണ് ഗെയിമിന്റെ പ്രമേയം.
പബ്ജിയ്ക്ക് പകരമായി അവതരിപ്പിക്കപ്പെട്ട ഒരു ഇന്ത്യന്‍ പതിപ്പ് എന്ന നിലയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് ഗെയിം ഡൗൺലോഡിനായി ലഭ്യമാണെന്ന് അറിയിക്കുന്ന ഒരു പുഷ് നോട്ടിഫിക്കേഷനും ലഭിക്കും. യോഗ്യതയുള്ള ഉപകരണങ്ങളിൽ ഗെയിം യാന്ത്രികമായി ഡൗൺലോഡുചെയ്ത് ഇൻസ്റ്റാള്‍ ചെയ്യും. ഡൗൺലോഡിന്റെ വലിപ്പവും പതിപ്പിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളും ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘FAU-G: Fearless and United Guards’ എന്ന് സേര്‍ച്ച് ചെയ്യുമ്പോൾ പ്രീ-രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാകും. പ്രീ രജിസ്റ്റർ ചെയ്യുന്നവർക്ക് ആപ്ലിക്കേഷന്‍ ഗൂഗിൾ സ്റ്റോറിൽ എത്തുന്ന മുറയ്ക്ക് പുഷ് നോട്ടിഫിക്കേഷൻ ലഭിക്കും. ചില ഫോണുകളിൽ ഗെയിം പ്ലേ സ്റ്റോറിൽ ലഭ്യമാകുമ്പോൾ തന്നെ ഡൗൺലോഡിംഗും ഇൻസ്റ്റാളിംഗും നടക്കും.
ഗെയിമിന്റെ ടീസർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ആക്ഷൻ സീനുകളും ഇന്ത്യ, ചൈനീസ് ജവാന്മാർ തമ്മിലുള്ള സംഘട്ടനവും ഗെയ്മില്‍ പ്രമേയമാകുന്നുണ്ട്. ആഭ്യന്തര, വിദേശ ഭീഷണികളെ നേരിടുന്ന ഇന്ത്യൻ സുരക്ഷാ സേന അഭിമുഖീകരിക്കുന്ന യഥാർത്ഥ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഗെയിം തയ്യാറാക്കുന്നത് എന്ന് എൻകോർ ഗെയിംസ് വ്യക്തമാക്കുന്നു. ഷൂട്ടിംഗ് ഗെയിം ആയ ഫൗജിയുടെ ആദ്യ ലെവലിൽ ഗാൽവൻ താഴ്വര ആയിരിക്കും പശ്ചാത്തലം എന്ന് റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ സംരംഭത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫൗജി ഗെയിം തയ്യാറാക്കുന്നത്. ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യൻ സൈന്യത്തിലെ ധീരജവാന്മാർക്കായി പ്രവർത്തിക്കുന്ന ‘ഭാരത് കെ വീർ ട്രസ്റ്റ്’ എന്ന സംഘടനയ്ക്ക് നൽകും.
Leave a Reply