സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ആളുകളും പരിഗണിക്കുന്ന പ്രധാനഘടകങ്ങളിലൊന്നാണ് ബാറ്ററിദൈര്‍ഘ്യം. ഉപഭോക്താക്കളില്‍ ഏറിയപങ്കും തങ്ങളുടെ ഫോണിന്‍റെ ബാറ്ററി ചാര്‍ജ്ജ് ദീര്‍ഘനേരം നിലനിര്‍ത്തുന്നതിന് പല വഴികള്‍ തേടാറുണ്ട്. നമ്മുടെ ദിനംപ്രതിയുള്ള ഫോണിന്‍റെ ഉപയോഗം വർധിച്ച് കൊണ്ട് തന്നെയിരിക്കുന്ന സാഹചര്യത്തില്‍, എത്രയൊക്കെ എംഎഎച്ച്(mAh) കൂടിയ ഫോൺ ആണെങ്കിലും ഒരു ഘട്ടം കഴിയുമ്പോൾ അതിന്‍റെ ചാർജ്ജ് വേഗം തീരുന്ന അവസ്ഥയിലേക്ക് എത്തിചേരും. അത്തരം സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ടുമ്പോൾ ബാറ്ററിയുടെ പ്രവർത്തനം കൂടുതൽ നേരം നിലനിർത്താൻ ചുവടെ പറയുന്ന കാര്യങ്ങള്‍ സഹായകരമാകും.
ബായ്ക്ക്ഗ്രൗണ്ട് ആപ്ലിക്കേഷനുകൾ
ഫോണുകളിൽ പല ആപ്ലിക്കേഷനുകളും നമുക്ക് ആവശ്യമില്ലാത്ത സമയത്തും ബായ്ക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ചു കൊണ്ടേയിരിക്കും. ഇത്തരം ആപ്പുകളാണ് ഫോണിന്‍റെ ബാറ്ററി ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. അവ ഒഴിവാക്കാനായി സെറ്റിംഗ്സിലെ ബാറ്ററി യൂസേജിൽ നിന്ന് അനാവശ്യമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പ്രവർത്തനം നിർത്തുക. കൂടാതെ, ഉപയോഗമില്ലാത്ത ആപ്ലിക്കേഷനുകള്‍ ഫോണില്‍ നിന്ന് അൺഇൻസ്റ്റാൾ ചെയ്യുക.
ഫോണിന്‍റെ ലൊക്കേഷൻ
ചില ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ ലൊക്കേഷന്‍ ഓൺ ചെയ്യേണ്ടതായുണ്ട്. ഉപയോഗത്തിന് ശേഷം ഇത് ഓഫ് ചെയ്തിടുക. ലൊക്കേഷൻ ഓണായി കിടന്നാൽ ഫോണിന്‍റെ ബാറ്ററി അത് കൂടുതൽ ഉപയോഗിക്കും. അതിനാല്‍ ആവശ്യമില്ലാത്ത സമയങ്ങളില്‍ ഫോണിന്‍റെ ലൊക്കേഷൻ ഓഫാക്കിയിടുന്നത് ചാർജ്ജ് കുറെ നേരം നിൽക്കാൻ സഹായകമാകും.
ഫോണിന്‍റെ ബ്രൈറ്റ്നെസ്
ഫോണിന്‍റെ ബാറ്ററി നഷ്ടപ്പെടുന്നതില്‍ പ്രധാനപങ്ക് സ്ക്രീന്‍റെ ഉയർന്ന ബ്രൈറ്റ്നെസിനും ഉണ്ട്. ആവശ്യാനുസരണമായി ഫോണിന്‍റെ ബ്രൈറ്റ്നെസ് നിലനിർത്തുക. ഇപ്പോൾ നിരവധി ഫോണുകളിൽ ഡാർക്ക് മോഡ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഡാര്‍ക്ക്മോഡ് സംവിധാനങ്ങള്‍ ഫോണിന്‍റെ ബാറ്ററി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും
സ്ക്രീൻ ഓണായി ഇരിക്കുന്ന സമയം കുറയ്ക്കുക
ഫോൺ ഉപയോഗിക്കാത്ത സമയങ്ങളിൽ സ്ക്രീൻ തെളിഞ്ഞ് നിൽക്കുന്നതും ബാറ്ററിയുടെ പ്രവർത്തനത്തെ ബാധിക്കും. അതിനായി സ്ക്രീൻ ഓണായിരിക്കുന്ന സമയം വളരെ കുറച്ച് നേരത്തേക്ക് മാത്രമാക്കി ചുരുക്കുക. ആനിമേഷൻ പോലെയുള്ള ലൈവ് സ്ക്രീൻ സേവറുകൾ ഒഴിവാക്കുന്നത് നല്ലതാണ്.
വൈബ്രേഷൻ ഒഴിവാക്കുക
ആൻഡ്രോയിഡ് ഫോണുകളിലും ടാബുകളിലും വൈബ്രേഷനുകൾ ബാറ്ററി ചാര്‍ജ്ജ് ഒരുപാട് ഉപയോഗിക്കുന്നു. അത്യാവശ്യമാണെങ്കിൽ മാത്രം ഫോണിൽ വൈബ്രേഷൻ മോഡ് ഓൺ ചെയ്താൽ മതി. സ്‌ക്രീനിൽ ടച്ച് ചെയ്യുമ്പോഴുണ്ടാകുന്ന വൈബ്രേഷനും ചെറിയ ശബ്ദങ്ങളും സെറ്റിംഗ്സിലെ ഹാപ്റ്റിക് ഫീഡ്ബാക്ക് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഓഫ് ചെയ്തു വെയ്ക്കാം.
Leave a Reply