നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വാട്സ്ആപ്പ് പേ-യ്ക്ക് രാജ്യത്ത് അംഗീകാരം നല്‍കിയിരിക്കുകയാണ്. അതോടൊപ്പം, പരിമിതമായ രീതിയില്‍ മാത്രമേ ഇനിമുതല്‍ മൂന്നാം കക്ഷികള്‍ക്ക് ഇത്തരം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ കഴിയൂ എന്ന തരത്തില്‍ നിയമവും രാജ്യത്ത് നടപ്പിലാക്കാനൊരുങ്ങുകയാണ്. നിയമം 2021 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. വാട്സ്ആപ്പ് പേ അംഗീകരിക്കുന്നതിന് ഒരു ദിവസം മുന്‍പാണ് ഇന്ത്യയിലെ 20 ദശലക്ഷം യുപിഐ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ നിയമമെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്
റീട്ടെയില്‍ പേയ്‌മെന്‍റ് സംവിധാനങ്ങള്‍ക്കുള്ള നോഡല്‍ ഏജന്‍സിയാണ് എന്‍പിസിഐ. വലിയ പേയ്‌മെന്‍റ് ആപ്ലിക്കേഷനുകളായ ഗൂഗിള്‍ പേ, ഫോണ്‍പേ എന്നിവയെ കാര്യമായി ബാധിക്കുന്നതാണ് പുതിയ നിയമം എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
യുപിഐ പേയ്‌മെന്‍റ് സംവിധാനം ഉപയോഗിക്കുന്ന തേര്‍ട്ട് പാര്‍ട്ടികളെയൊന്നും ഇടപാടുകളുടെ 30 ശതമാനത്തില്‍ കൂടുതല്‍ നടത്താന്‍ അനുവദിക്കില്ലെന്ന് എന്‍പിസിഐ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. ഇടപാടിന്‍റെ അളവ് മുന്‍പത്തെ മൂന്ന് മാസത്തേക്ക് റോളിംഗ് അടിസ്ഥാനത്തില്‍ കണക്കാക്കും.
തേര്‍ട്ട് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്കായുള്ള ക്യാപ്പിംഗ് ഇടപാടുകള്‍ കൂടുതല്‍ മത്സരാധിഷ്ഠിത വിപണി സൃഷ്ടിക്കുമെന്ന് എന്‍പിസിഐ പറയുന്നു. ബാങ്കിംഗ് നെറ്റ്‌വര്‍ക്കിന്‍റെ ഭാഗമല്ലാത്ത ഗൂഗിള്‍ പേ പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് മാത്രമേ ഈ നിയമം ബാധിക്കൂ. പേടിഎം പോലുള്ള ആപ്ലിക്കേഷനുകള്‍, അവര്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് ഉള്ളതിനാല്‍ ടിപിഎപികളായി കണക്കാക്കില്ല, അതിനാല്‍ അവയ്ക്ക് പ്രശ്‌നമുണ്ടാകില്ല, അവയ്ക്കു പഴയതു പോലെ തന്നെ യുപിഐ ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
ഉപയോക്താക്കള്‍ക്ക് പേയ്‌മെന്‍റ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും പേയ്‌മെന്‍റ് ഗേറ്റ്‌വേ ഉപയോഗിക്കുന്നതിനും വാട്സ്ആപ്പ് യുപിഐ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജിയോ പേയ്‌മെന്‍റ് ബാങ്ക് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ അഞ്ച് ബാങ്കുകളുമായി സഹകരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
Leave a Reply