പബ്ജി മൊബൈല്‍ ഗെയിം ഇന്ത്യയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ്. സുരക്ഷയും സ്വകാര്യതാ ആശങ്കകളും ലഘൂകരിക്കുന്നതിനായി പബ്ജിയുടെ നിര്‍മ്മാതാക്കൾ പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരിലാണ് പുതിയ ഗെയിം അവതരിപ്പിക്കുന്നത്.
ഇന്ത്യൻ കളിക്കാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് പുതിയ തിരിച്ചുവരവെന്നാണ് കമ്പനിവൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് ഗെയിമിന്‍റെ ഇന്ത്യൻ പതിപ്പ് വികസിപ്പിച്ചിരിക്കുന്നത്.
ഡേറ്റ സ്റ്റോറേജ് സംവിധാനങ്ങളിൽ കമ്പനി നിരന്തരമായ പരിശോധന നടത്തുകയും ഡേറ്റ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പ്രാദേശികമായ ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഗെയ്മിന്‍റെ ഉള്ളടക്കത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതായിരിക്കും. ഗെയിമിലെ കഥാപാത്രങ്ങൾ, വസ്ത്രധാരണം, ഹിറ്റ് ഇഫക്ട്, വെർച്വൽ സിമുലേഷൻ ട്രെയിനിംഗ് ഗ്രൗണ്ട് എന്നിവയിലടക്കം മാറ്റങ്ങളുണ്ടാകും. പ്രായം കുറഞ്ഞ ഉപഭോക്താക്കൾക്ക് ഗെയിം കളിക്കുന്ന സമയം നിയന്ത്രിക്കുന്ന സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.
പ്രതിമാസം 5 കോടിയിലധികം ആക്ടീവ് ഉപയോക്താക്കളുണ്ടായിരുന്നതും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്തിട്ടുള്ളതുമായ ഗെയിമുകളിലൊന്നാണ് പബ്ജി മൊബൈൽ. പുതിയ ഗെയിം അവതരിപ്പിക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ക്രാഫ്റ്റണ്‍ എന്ന കമ്പനിയാണ് ഗെയിമിന്‍റെ ഇപ്പോഴത്തെ ഇന്ത്യയിലെ ഉടമ. പബ്ജി കോർപ്പറേഷൻ കൊറിയൻ കമ്പനിയാണെങ്കിലും ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്നത് ചൈനീസ് കമ്പനിയായ ടെൻസെന്‍റായിരുന്നു. സൈബര്‍ സുരക്ഷ കണക്കിലെടുത്ത് പബ്ജി മൊബൈല്‍ അടക്കമുള്ള 118 ചൈനീസ് ആപ്ലിക്കേഷനുകളാണ് ഈയടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.
പുതിയ ആപ്ലിക്കേഷനൊപ്പം ഇന്ത്യയിൽ പുതിയ ഓഫീസ് ആരംഭിക്കാനും പബ്ജി കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. പബ്ജി കോർപ്പറേഷനും മാതൃകമ്പനിയായ ക്രാഫ്റ്റോണും ഇന്ത്യയിൽ ഏകദേശം 746 കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി നടത്താനുദ്ദേശിക്കുന്നത്. പ്രാദേശിക വീഡിയോ ഗെയിം, ഇ-സ്പോർട്സ്, വിനോദം, ഐടി മേഖലകളില്‍ ആയിരിക്കും കമ്പനി പണംമുടക്കുക.
Leave a Reply