പൂർണ്ണ സ്ക്രീൻ ഡിസ്പ്ലേയുമായി വരുന്ന ലോകത്തിലെ ആദ്യത്തെ ഫിറ്റ്നസ് ട്രാക്കർ എന്ന വിശേഷണവുമായി ഹോണർ ബാൻഡ് 6 സ്മാർട്ട് വെയറബിൾ പുറത്തിറങ്ങിയിരിക്കുന്നു. എൻഎഫ്‌സി ഫീച്ചറോടുകൂടിയും അല്ലാതെയുമായി രണ്ട് വേരിയന്‍റിലാണ് ഈ സ്മാര്‍ട്ട് വെയറബിള്‍ ഹോണര്‍ അവതരിപ്പിച്ചിരിക്കുന്നത്.
194×368 പിക്സൽ റെസല്യൂഷൻ വരെ പിന്തുണയ്ക്കുന്ന 1.47 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഹോണർ ബാൻഡ് 6-ല്‍ നല്‍കിയിരിക്കുന്നത്. കൂടാതെ 2.5 ഡി ഗ്ലാസ് സംരക്ഷണവും ഡിസ്പ്ലേയ്ക്ക് ഉണ്ട്. .
യുഐയിലൂടെ നാവിഗേഷനായി ജെസ്ച്ചേഴ്സ് ഉപയോഗിക്കുന്നതിനാല്‍ ഉപകരണത്തിൽ കപ്പാസിറ്റീവ് ബട്ടൺ ഇല്ല. എന്നിരുന്നാലും, സ്‌ക്രീൻ ഓണ്‍ ചെയ്യുവാനായി വലതുവശത്ത് ഒരു ചുവന്ന ആക്‌സന്‍റഡ് ഫിസിക്കൽ ബട്ടൺ ഉണ്ട്. മെറ്റോറൈറ്റ് ബ്ലാക്ക്, സീഗൽ ഗ്രേ, കോറൽ പൗഡര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ഹോണർ വെയറബിള്‍ ലഭ്യമാകുക. എന്നാൽ സ്ട്രാപ്പിന് മാത്രമായാണ് ഈ നിറങ്ങള്‍, ബോഡി കറുപ്പ് നിറത്തിൽ മാത്രമേ ലഭ്യമാകൂ.
ഹോണര്‍ ബാൻഡ് 6-ൽ ബ്ലൂടൂത്ത് 5.0, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഒപ്റ്റിക്കൽ ഹാർട്ട് റെയ്റ്റ് സെൻസർ, 180എംഎഎച്ച് ബാറ്ററി എന്നിവ ഉൾപ്പെടുന്നു. 14 ദിവസത്തെ ബാറ്ററി ലൈഫ് വരെ ബാൻഡ് വാഗ്ദാനം ചെയ്യുന്നു. 5ATM വരെ വാട്ടര്‍ റെസിസ്റ്റന്‍റ് ആയുള്ള ഈ സ്മാര്‍ട്ട്ബാന്‍ഡ് മാഗ്നറ്റിക് ചാർജ്ജർ വഴി ചാർജ്ജ് ചെയ്യുന്നതുമാണ്.
10 സ്പോർട്സ് മോഡുകൾ, ബ്ലഡ് ഓക്സിജൻ ലെവൽ മോണിറ്ററിംഗ്, ഹുവായ് ട്രൂസീൻ 4.0, 24 മണിക്കൂർ ഹൃദയമിടിപ്പ് നിരീക്ഷിക്കൽ എന്നിവയ്ക്കുള്ള പിന്തുണ ഹോണർ ബാൻഡ് 6 ൽ ലഭ്യമാണ്. കൂടാതെ ഇതില്‍ ഹുവായ് ട്രൂസ്ലീപ് മോണിറ്ററിംഗും ആർത്തവചക്രം നിരീക്ഷണവും ഉണ്ട്. കോൺടാക്റ്റ്ലെസ് പേയ്‌മെന്‍റുകളെയും വോയ്‌സ് അസിസ്റ്റന്‍റിനെയും എൻഎഫ്‌സി പതിപ്പ് പിന്തുണയ്ക്കുന്നു. ARG-B19 എന്ന മോഡൽ നമ്പറോടെ വരുന്ന ഹോണർ ബാൻഡ് 6-ന് സ്ട്രാപ്പ് ഇല്ലാതെ ഏകദേശം 18 ഗ്രാം വരെ ഭാരമുണ്ട്.
ഹോണർ ബാൻഡ് 6 നിലവിൽ ചൈനയിൽ ലഭ്യമാണ്. ആഗോളതലത്തിൽ അവതരിപ്പിക്കാനുള്ള പദ്ധതികളൊന്നും കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. ഉടന്‍തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിലേക്ക് ഈ സ്മാര്‍ട്ട്ബാന്‍ഡ് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Reply