ഗൂഗിളിന്‍റെ ആധിപത്യത്തിന് നേരിട്ടുള്ള വെല്ലുവിളിയായി ഡിജിറ്റൽ പേയ്‌മെന്‍റ് സ്ഥാപനമായ പേടിഎം ഇന്ത്യൻ ഡെവലപ്പർമാരെ പിന്തുണയ്ക്കുന്നതിനായി ഒരു മിനി ആപ്ലിക്കേഷൻ സ്റ്റോർ ആരംഭിച്ചു. ചൂതാട്ട ഗെയിമിംഗിനെക്കുറിച്ചുള്ള ഡെവലപ്പർ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് സെപ്റ്റംബർ 18ന് പേടിഎമ്മിന്‍റെ പേയ്‌മെന്‍റ് ആപ്ലിക്കേഷൻ ഗൂഗിളിന്‍റെ പ്ലേ സ്റ്റോറിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പേടിഎം
സ്വന്തമായി ആപ്പ് സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നത്.
ഡെവലപ്പർമാർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മിനി-ആപ്പ് സ്റ്റോർ സഹായിക്കുമെന്നാണ് പേടിഎം അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ മുഖ്യ എതിരാളി ഫോൺപേ അതിന്‍റെ ഇൻ-ആപ്പ് പ്ലാറ്റ്ഫോം 2018 ജൂണിൽ ആരംഭിക്കുകയും 2019 ഒക്ടോബറിൽ ഫോൺപേ സ്വിച്ചിലേക്ക് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഡെക്കാത്ത്‌ലോൺ, ഓല, റാപ്പിഡോ, നെറ്റ്മെഡ്സ്, 1 എംജി, ഡൊമിനോസ് പിസ്സ, ഫ്രെഷ്മെനു, നോബ്രോക്കർ എന്നിവയുൾപ്പെടെ മുന്നൂറിലധികം ആപ്ലിക്കേഷനുകൾ ഇപ്പോള്‍ പേടിഎം ആപ്പ് സ്റ്റോറിൽ ചേർന്നതായി കമ്പനി അറിയിച്ചു.
അതേസമയം, ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിനും ആൻഡ്രോയ്ഡിന്‍റെ ഗൂഗിൾ പ്ലേ സ്റ്റോറിനും ബദലായി ഇന്ത്യൻ ആപ്പ് സ്റ്റോർ പുറത്തിറക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധതിയിടുന്നതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. സർക്കാരിന്‍റെ തന്നെ മൊബൈൽ സേവാ ആപ്പ് സ്റ്റോർ ഇതിനായി ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്.
Leave a Reply