ഒപ്പോയുടെ എ സീരീസ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ പുതിയ കൂട്ടിച്ചേരലായി ഒപ്പോ എ33(2020) എന്ന പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. നിലവില്‍ ഇന്ത്യൻ വിപണിയിലും ലഭ്യമായിരിക്കുന്ന ഫോണിന് വേഗത്തിലുള്ള റിഫ്രഷ് റെയ്റ്റ് സ്ക്രീൻ, പഞ്ച്-ഹോൾ ഡിസ്പ്ലേ, അതിവേഗ ചാര്‍ജ്ജിംഗ് പിന്തുണ തുടങ്ങിയ സവിശേഷതകള്‍ ഉള്ളതാണ്.
സവിശേഷതകൾ
ഒപ്പോ എ33 (2020) ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി കളർ ഓഎസ് 7.2 ൽ ആണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റെയ്റ്റിനൊപ്പം 6.5 ഇഞ്ച് എച്ച്ഡി പ്ലസ് (720×1600 പിക്‌സൽ) ഹോൾ-പഞ്ച് ഡിസ്‌പ്ലേയുള്ള ഈ സ്മാര്‍ട്ട്ഫോണില്‍ വികസിതമായ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 Soc ഉണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ കൂടുതൽ വികസിപ്പിക്കാനുള്ള ഓപ്ഷനുമായി 32 ജിബിയിലാണ് ഇന്‍റേണല്‍ സ്റ്റോറേജ് നല്‍കിയിരിക്കുന്നത്.
13 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഒപ്പോ എ33 (2020) സ്മാർട്ട്‌ഫോണിലുണ്ട്. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഇതിന്‍റെ ഭാഗമായുണ്ട്. 8 മെഗാപിക്സൽ സെൽഫി ക്യാമറയും നല്‍കിയിട്ടുള്ളതാണ് ഒപ്പോ എ33 സ്മാര്‍ട്ട്ഫോണ്‍.
ഹാൻഡ്‌സെറ്റിന്‍റെ റിയര്‍ പാനലിലാണ് ഫിംഗർപ്രിന്‍റ് സെൻസര്‍ നല്‍കിയിരിക്കുന്നത്. 18W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി, ഡ്യുവൽ സ്റ്റീരിയോ സ്പീക്കര്‍, കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് വി 5, യുഎസ്ബി ടൈപ്പ്-സി പോർട്ട്, വൈ-ഫൈ 802.11ac എന്നിവയും ഇതിന്‍റെ സവിശേഷതകളായി ഉള്‍പ്പെടുന്നു.
വില, ലഭ്യത, ഓഫറുകൾ
3 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷനിലുള്ള ഒപ്പോ എ33 (2020) സ്മാര്‍ട്ട്ഫോണിന് 11990 രൂപയാണ് വില. ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഇത് ലഭ്യമാകും.
കൊട്ടക് ബാങ്ക്, ആർബിഎൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് കാർഡുകൾ എന്നിവയിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഓഫറുകളില്‍ ഹാന്‍ഡ്സെറ്റ് ലഭ്യമാണ്. ഓഫ്‌ലൈനായി ബജാജ് ഫിൻസെർവ്, ഹോം ക്രെഡിറ്റ്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളിൽ നിന്നുള്ള സ്കീം ഓപ്ഷനുകളും ഉണ്ട്. സെപ്റ്റംബറിൽ ഇന്തോനേഷ്യയിൽ പുറത്തിറക്കിയ ഒപ്പോ എ33 (2020) മൂൺലൈറ്റ് ബ്ലാക്ക്, മിന്‍റ് ക്രീം എന്നിങ്ങനെ രണ്ട് കളർ വേരിയന്‍റുകളിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
Leave a Reply