ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന മറ്റ് OTT ആപ്ലിക്കേഷനുകളുമായി മത്സരിക്കുന്നതിന് നെറ്റ്ഫ്ലിക്സ് അതിന്‍റെ പ്ലാറ്റ്ഫോമിലേക്ക് കൂടുതല്‍ സവിശേഷതകൾ ചേർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമായി പുതിയൊരു സവിശേഷത ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ നെറ്റ്ഫ്ലിക്സ് ആപ്ലിക്കേഷനിലേക്ക് ഉടന്‍ എത്തിച്ചേര്‍ന്നേക്കാം. സ്‌ക്രീൻ ഓഫായിരിക്കുമ്പോൾ പോലും ഒരു പ്രത്യേക ഷോയുടെയോ മൂവിയുടെയോ ഓഡിയോ കേൾക്കുന്നത് തുടരുവാൻ ഉപയോക്താവിനെ അനുവദിക്കുന്ന ഒരു സവിശേഷതയാണ് കമ്പനി പരീക്ഷിക്കുന്നത്.
ആപ്ലിക്കേഷന്‍റെ 7.79.1 വേര്‍ഷനിലാണ് ഈ സവിശേഷതയുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആപ്ലിക്കേഷൻ ഓഡിയോ ഫോർമാറ്റിൽ പ്ലേ ചെയ്യുന്നതിലൂടെ ഉപയോക്താവിന് ഷോകളുടെ തുടർച്ച നിലനിർത്തുക മാത്രമല്ല, വീഡിയോ സ്റ്റീം ചെയ്യേണ്ട ആവശ്യമില്ലാത്തതിനാൽ ഡാറ്റ ഉപയോഗം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. നിലവില്‍ ആന്‍ഡ്രോയിഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനിലാണ് ഈ സവിശേഷത ലഭ്യമാകുക.
നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഏറ്റെടുക്കാൻ കൂടുതൽ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിൽ ഒരു സ്ട്രീംഫെസ്റ്റ് നടത്തുമെന്ന് അടുത്തിടെ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. ഈ ഫെസ്റ്റിന് കീഴിൽ, നെറ്റ്ഫ്ലിക്സ് എല്ലാ ആളുകളെയും രണ്ട് ദിവസത്തേക്ക് അവരുടെ ഉള്ളടക്കം കാണാൻ അനുവദിക്കും. 30 ദിവസത്തെ സൗജന്യ ട്രയൽ കാലയളവിൽ നിന്ന് ഈ സ്കീമിനെ വ്യത്യസ്തമാക്കുന്ന പ്രധാനകാര്യം, ഈ സൗജന്യ ഉള്ളടക്കം ആക്സസ്സ് ചെയ്യുന്നതിന് ഉപയോക്താവിന് അവരുടെ പേയ്‌മെന്‍റ് വിശദാംശങ്ങൾ പോലും നൽകേണ്ടതില്ല എന്നതാണ്.
Leave a Reply