പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനമായ ഗൂഗിള്‍ മീറ്റില്‍ പുതിയ ബ്രേക്കൗട്ട് റൂം ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ജിസ്യൂട്ടിലാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്. മറ്റ് ഉപയോക്താക്കളിലേക്ക് പീന്നീട് ഈ ഫീച്ചര്‍ ലഭ്യമാക്കുന്നതാണ്.
ഓണ്‍ലൈന്‍ ക്ലാസിലെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാന്‍ അധ്യാപകരെ സഹായിക്കുന്നതാണീ ഫീച്ചര്‍. സാധാരണ ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥികളെ ഗ്രൂപ്പുകളാക്കി തിരിക്കുന്നത് പോലെ പ്രൊജക്ടുകളും മറ്റും ചെയ്യിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ ക്ലാസിലും വിദ്യാര്‍ത്ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാന്‍ ഈ സംവിധാനത്തിലൂടെ അധ്യാപകര്‍ക്ക് സാധിക്കുന്നതാണ്. ഒരു വീഡിയോ കോളില്‍ 100 ഗ്രൂപ്പുകള്‍ വരെ സൃഷ്ടിക്കാന്‍ സാധിക്കും.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികളുടെ പ്രാതിനിധ്യവും ഇടപെടലും വര്‍ധിപ്പിച്ചുകൊണ്ട് സുഗമമായും തടസ്സമില്ലാതെയും ക്ലാസുകള്‍ മുന്‍പോട്ട് കൊണ്ടുപോകാന്‍ ഇത് അധ്യാപകരെ സഹായിക്കും.
വീഡിയോ കോള്‍ മോഡറേറ്റര്‍മാര്‍ക്ക് എല്ലാ ബ്രേക്കൗട്ട് ഗ്രൂപ്പുകളിലും ഇടപെടാന്‍ സാധിക്കുന്നതാണ്. അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പുകള്‍ അനുവദിക്കുന്നതില്‍ പൂര്‍ണ നിയന്ത്രണമുണ്ടാകും. നിലവില്‍ ഗൂഗിള്‍ മീറ്റിന്‍റെ വെബ് പതിപ്പില്‍ മാത്രമാണ് ബ്രേക്കൗട്ട് ഗ്രൂപ്പുകള്‍ തിരിക്കാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളത്. എന്നിരുന്നാലും ഏത് ഉപകരണം ഉപയോഗിക്കുന്നവര്‍ക്കും സാധാരണപോലെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സാധിക്കും.
Leave a Reply