അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഗൂഗിൾ സേർച്ചിൽ പുതിയ മാറ്റങ്ങൾ ഉണ്ടായേക്കാം. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ്സ്, മെഷീന്‍ ലേണിംഗ് എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫീച്ചർ ആയിരിക്കും പുതിയ അപ്ഡേഷനിലൂടെ ഗൂഗിള്‍ അവതരിപ്പിക്കുക.
ഗൂഗിളിന്‍റെ സ്പെല്‍ചെക്കര്‍ ടൂളിൽ ആയിരിക്കും ഏറ്റവും വലിയ മാറ്റം വരാനിരിക്കുന്നത്. നിങ്ങള്‍ എത്ര തെറ്റിച്ച് ഒരു വാക്ക് ടൈപ്പ് ചെയ്താലും നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് സേര്‍ച്ച് എഞ്ചിന്‍ പുതിയ അപ്ഡേറ്റിലൂടെ മനസ്സിലാക്കും എന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ഗൂഗിളിനോട് സംശയം ഉന്നയിക്കുന്നയാളിന് കൃത്യമായി സ്പെല്ലിങ് അറിയില്ല എന്നതിനാല്‍ നൽകുന്ന റിസൾട്ടില്‍ കൃത്യത നൽകുവാൻ ഗൂഗിളിന് ചിലപ്പോഴൊക്കെ സാധിക്കാതെ വരുന്നുണ്ട്.
ഗൂഗിൾ എൻജിനീയറിങ് വിഭാഗത്തിന്‍റെ വൈസ് പ്രസിഡന്‍റായ കാത്തി എഡ്വെഡ്സ് പറയുന്നത് തങ്ങൾക്ക് ലഭിക്കുന്ന പത്ത് ചോദ്യങ്ങളില്‍ ഒരെണ്ണമെങ്കിലും സ്പെല്ലിംഗ് തെറ്റായിരിക്കും എന്നാണ്. ഗൂഗിളിനോട് ചോദിക്കുന്ന ചോദ്യത്തിന് സമാനമായ ചോദ്യങ്ങളും ‘ഡിഡ് യു മീൻ’( Did you mean) എന്ന ചോദ്യത്തോടെ സേര്‍ച്ച്ബാറിന് താഴെതന്നെ പ്രദർശിപ്പിക്കുകയാണ് ഗൂഗിൾ ഇപ്പോൾ ഇതിന് പരിഹാരമായി ചെയ്യുന്നത്. ഗൂഗിളിന്‍റെ അനുമാനമാണ് ഇവിടെ കാണിച്ചുതരുന്നത്.
അതിനാല്‍ പുതിയ അപ്ഡേറ്റിലൂടെ ‘ഡിഡ് യു മീൻ’ ഫീച്ചറിന് പുതിയ സ്പെല്ലിംഗ് അല്‍ഗോരിതം കൂടി നൽകാനുള്ള നീക്കമാണ് ഗൂഗിള്‍ ഇപ്പോൾ നടത്തുന്നത്. ന്യൂറല്‍ നെറ്റ് ഉപയോഗിച്ചായിരിക്കും ഈ അല്‍ഗോരിതം പ്രവര്‍ത്തിക്കുക. ഓരോ സേര്‍ച്ച് നടക്കുമ്പോഴും മൂന്നു മില്ലി സെക്കൻഡിനിടയ്ക്കും ഇത് പ്രവർത്തിക്കും. ഇതുവരെ ലഭ്യമായ മികച്ച സേർച്ച് അനുഭവം ഇതിലൂടെ ഉപയോക്താവിനും ലഭിക്കും.
സ്പെല്ലിംഗ് അറിയില്ലാ എന്ന കാരണത്താല്‍ സേര്‍ച്ചിംഗിന് മടിച്ച് നില്‍ക്കേണ്ട ആവശ്യമില്ല. അറിയാവുന്ന സ്പെല്ലിംഗ് ടൈപ്പ് ചെയ്താലും ഗൂഗിള്‍ ഉത്തരം നല്‍കുന്നതായിരിക്കും.
ഗൂഗിൾ സെർച്ചില്‍ വരുന്ന മറ്റൊരു വലിയ മാറ്റം സേര്‍ച്ച് ചെയ്യുന്ന വിഷയത്തെ സംബന്ധിച്ച ആവശ്യമുള്ള ഖണ്ഡിക മാത്രം ഹൈലൈറ്റ് ചെയ്ത് നൽകുന്നതാണ്. നിലവിൽ നമ്മൾ സേർച്ച് ചെയ്യുമ്പോൾ ഒരു സമ്പൂർണ്ണ വെബ് പേജാണ് റിസള്‍ട്ടായി നമുക്ക് ലഭിക്കുന്നത്.
പുതിയ അപ്ഡേഷന്‍റെ കൂടുതല്‍ വിവരങ്ങളും അതിന്‍റെ ലഭ്യതയെയും സംബന്ധിച്ച് ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. എങ്കിലും നവംബര്‍ മുതല്‍ ഫീച്ചർ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ അപ്ഡേഷന്‍ എല്ലാ ഭാഷകളിലെയും സേര്‍ച്ച് റിസള്‍ട്ടിന്‍റെ കൃത്യത 7 ശതമാനം വരെ വർദ്ധിപ്പിക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.
Leave a Reply