ക്യാനോണ്‍ പവർഷോട്ട് സൂം എന്ന പുതിയ യുണീക് പോയിന്‍റ് ആൻഡ് ഷൂട്ട് മോണോക്യുലർ ക്യാമറ അവതരിപ്പിച്ചിരിക്കുന്നു. പ്രധാനമായും ഒരു ദൂരദർശിനി ആയി പ്രവർത്തിക്കുന്ന ഇതിലൂടെ ഉപയോക്താക്കളെ വലിയ ദൂരത്തേക്ക് സൂം ചെയ്യാൻ അനുവദിക്കുന്നു. കൂടാതെ, സൂം ഇൻ ചെയ്ത വിഷയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും എടുക്കാനും ഇതിലൂടെ സാധിക്കുന്നതാണ്.
ഒരു സ്പോർട്സ് സ്റ്റേഡിയത്തിൽ ഒരു ഗെയിം കാണുമ്പോഴും, പക്ഷിനിരീക്ഷണത്തിനിടയിലും, നിങ്ങളുടെ കുട്ടിയുടെ സ്റ്റേജ് പ്രോഗ്രാമില്‍ അവരുടെ മുഖഭാവം പകർത്തുമ്പോഴും എല്ലാം ഈ ഡിജിറ്റൽ ക്യാമറ ഉപയോഗപ്രദമാക്കാവുന്നതാണ്.
ക്യാനോണ്‍ പവർഷോട്ട് സൂമിന് ത്രീ-വേ വൺ-ടച്ച് സ്വിച്ചബിൾ ബട്ടൺ ഉണ്ട്, അത് 100mm മുതൽ 400mm വരെ ഒപ്റ്റിക്കൽ സൂം, 800mm ഡിജിറ്റൽ സൂം വരെ കാണാൻ നിങ്ങളെ അനുവദിക്കുന്നു. ക്യാമറ സവിശേഷതകളിൽ ഓട്ടോഫോക്കസ്, ഫെയ്സ് ട്രാക്കിംഗ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവ ഉൾപ്പെടുന്നു. 1/3-ഇഞ്ച് വലുപ്പമുള്ള 12 മെഗാപിക്സൽ സിഎംഒഎസ് സെൻസർ f/5.6 മുതൽ f/6.3 വരെ വേരിയബിൾ അപ്പേർച്ചർ ഉള്ളതാണ്. അതിനാല്‍ ക്യാമറ മികച്ച നിലവാരമുള്ള രാത്രി ഷോട്ടുകൾ എടുക്കുവാന്‍ പര്യാപ്തമല്ല.
ഫുള്‍-എച്ച്ഡി 30P വീഡിയോകള്‍ പകർത്താൻ കഴിവുള്ള പവർഷോട്ട് സൂം ക്യാമറയില്‍ 0.39 ഇഞ്ച് ഒഎൽഇഡി അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് വ്യൂഫൈൻഡർ (ഇവിഎഫ്) ഉണ്ട്.
ഉപയോക്താക്കൾക്ക് ക്യാമറയെ ക്യാനോണ്‍ ക്യാമറ കണക്റ്റ് ആപ്ലിക്കേഷനിലേക്ക് കണക്റ്റ് ചെയ്യാനും ക്യാമറയുടെ വ്യൂഫൈൻഡറിലൂടെ എന്താണ് കാണുന്നതെന്ന് കാണാൻ അവരുടെ മൊബൈൽ ഫോണുകൾ റിമോട്ട് ലൈവ് വ്യൂ ആയി ഉപയോഗിക്കാനും സാധിക്കുന്നതാണ്. പവർഷോട്ട് സൂമിൽ നിന്ന് ഫോണിലേക്ക് ചിത്രങ്ങളും വീഡിയോകളും എളുപ്പത്തിൽ കൈമാറാനും ആപ്ലിക്കേഷനിലൂടെ സാധിക്കും. ക്യാമറ വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയ്ക്കുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നതോടൊപ്പം ഉള്ളടക്കം സംഭരിക്കുന്നതിന് മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്. ക്യാനോണ്‍ പവർഷോട്ട് സൂം ചാർജ്ജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് നല്‍കിയിരിക്കുന്നു. ഇൻബിൽറ്റ് മൈക്രോഫോൺ പിന്തുണയും ഉള്ള ഈ ക്യാമറയ്ക്ക് 145 ഗ്രാം ഭാരമാണുള്ളത്.
നിലവില്‍ യുഎസില്‍ അവതരിപ്പിച്ചിരിക്കുന്ന ക്യാനോണ്‍ പവർഷോട്ട് സൂമിന് 299.99 ഡോളർ (ഏകദേശം 21900 രൂപ) വിലയുണ്ട്. നവംബർ അവസാനത്തോടെ വിപണിയില്‍ പ്രതീക്ഷിക്കപ്പെടുന്ന ഇത് വെളുപ്പ് നിറത്തില്‍ മാത്രമാണ് ലഭ്യമാകുക.
Leave a Reply