ഗൂഗിൾ സേര്‍ച്ചിന് ബദലായി ഒരു സേര്‍ച്ച് എഞ്ചിന്‍ രൂപപ്പെടുത്തുകയാണ് ആപ്പിള്‍ എന്ന് നാളുകളായി പ്രചരിക്കുന്ന വാര്‍ത്തയാണ്. ഇപ്പോഴിതാ, ഫിനാന്‍ഷ്യല്‍ ടൈംസ് ഇതിനെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2020 ഏപ്രില്‍ ആണ് ആപ്പിള്‍ സ്വന്തം സേര്‍ച്ച് എഞ്ചിന്‍ ഇറക്കുകയോ ഡക്ക് ഡക്ക് ഗോ ഏറ്റെടുക്കുകയോ ചെയ്യുമെന്നുള്ള വാർത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.
ഐഓഎസ് 14-ല്‍ വന്നിരിക്കുന്ന മാറ്റങ്ങളും വെബ് സേര്‍ച്ച് റിസള്‍ട്ടുകളുടെ രീതിയും അവലോകനം ചെയ്താണ് ആപ്പിള്‍ സ്വന്തം സേര്‍ച്ച് എഞ്ചിന്‍ തയ്യാറാക്കുകയാണെന്ന നിഗമനത്തിൽ ഫിനാന്‍ഷ്യല്‍ ടൈംസ് എത്തിച്ചേർന്നിരിക്കുന്നത്.
നിലവിൽ ഐഓഎസില്‍ ലഭിക്കുന്ന വെബ് സേര്‍ച്ച് ആപ്പിള്‍ സ്വന്തമായി വികസിപ്പിച്ച ഒന്നാണ്. ഐഓഎസ് 14 ഉപയോഗിക്കുന്ന ഉപയോക്താവ് ഐഫോണിന്‍റെയും ഐപാഡിന്‍റെയും ഹോം സ്ക്രീനിലെ സേർച്ച് ബാറില്‍ സേർച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന റിസൾട്ടുകളാണ് ആപ്പിളിന്‍റെ സ്വന്തം. അതേസമയം, സഫാരിയിൽ ആണ് സേർച്ച് ചെയ്യുന്നതെങ്കിൽ ഉപയോക്താവ് ഏതു സേർച്ച് എഞ്ചിനാണ് ഡിഫോൾട്ടായി സെറ്റ് ചെയ്തിരിക്കുന്നത്, അതിലൂടെയുള്ള റിസള്‍ട്ടുകളായിരിക്കും ലഭിക്കുക.
ഐഓഎസ് ഉപകരണങ്ങളിൽ സെർച്ച് എഞ്ചിനെ ഡിഫോള്‍ട്ടായി നിലനിർത്തുന്നതിനായി ആപ്പിളിന് പ്രതിവർഷം 8-12 ബില്ല്യൺ ഡോളർ ഗൂഗിൾ നല്‍കുന്നതായാണ് കണക്കുകള്‍. വെബ് സേര്‍ച്ചിൽ ആധിപത്യം നിലനിർത്താൻ ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികൾക്ക് കോടിക്കണക്കിന് ഡോളറാണ് ഗൂഗിള്‍ ചെലവഴിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കില്‍ തന്നെയും ഗൂഗിൾ സേര്‍ച്ചിന് ബദൽ നിർമ്മിക്കുന്നതിനെക്കുറിച്ച് ആപ്പിൾ ഇപ്പോഴും പരസ്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
Leave a Reply