തിരഞ്ഞെടുത്ത സിനിമകളും ഷോകളും ഓൺലൈനിൽ സൗജന്യമായി സ്ട്രീം ചെയ്യാൻ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്ന ഒരു ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. അക്കൗണ്ട് ഇല്ലാത്ത ഉപയോക്താക്കൾക്കും ഈ ഷോ സൗജന്യമായി കാണാന്‍ സാധിക്കും. കൂടുതൽ ഉപയോക്താക്കളെ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കുന്നതിനായാണ് ഈ നീക്കം. ബേർഡ് ബോക്സ്, ദി ടു പോപ്പ്സ്, മർഡര്‍ മിസ്ട്രി എന്നിവയുൾപ്പെടെ 3 സിനിമകളിലേക്കും 7 ഷോകളിലേക്കുമാണ് ഈ ഓഫറിലൂടെ പ്രവേശനം നൽകുന്നത്.
ഈ ഷോകളുടെ ആദ്യ എപ്പിസോഡുകൾ മാത്രമേ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാവുകയുള്ളൂ. അതിനുശേഷമുള്ള എപ്പിസോഡുകള്‍ ലഭ്യമാകണമെങ്കില്‍ നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബ് ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു പ്രോംപ്റ്റ് ഉപയോക്താക്കള്‍ക്ക് അയച്ചു നല്‍കുന്നതാണ്. സിനിമകൾ ആരംഭിക്കുന്നതിനു മുൻപ് ഉള്ള 30 സെക്കൻഡ് പരസ്യം ഉള്‍പ്പെടെ സിനിമകൾ പൂർണമായും ലഭ്യമാണ്. ഉപയോക്താക്കൾക്ക് പരസ്യം ഒഴിവാക്കാൻ ഉള്ള ഓപ്ഷൻ ഉണ്ട്. സൗജന്യ ഷോകളോ മൂവികളോ ആക്സസ് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ഹോം പേജിലേക്ക് പോയി അവർ ഇഷ്ടപ്പെടുന്ന ഷോകൾ കാണാൻ ആരംഭിക്കാം. ഷോകളുടെയും സിനിമകളുടെയും തിരഞ്ഞെടുക്കല്‍ ഇഷ്ടാനുസരണം മാറാമെന്ന് നെറ്റ്ഫ്ലിക്സ് പറയുന്നു.
നെറ്റ്ഫ്ലിക്സ് ലഭ്യമായ 200 രാജ്യങ്ങളിലെയും ആൻഡ്രോയ്ഡ്, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കാണ് നിലവില്‍ ഈ ഓഫർ ലഭ്യമാകുക. എന്നാല്‍ ഈ ഓഫർ എത്രത്തോളം സൗജന്യമായി തുടരും എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
നെറ്റ്ഫ്ലിക്സ് തങ്ങളുടെ ഉപയോക്താക്കൾക്കായി സൗജന്യ ഷോകൾ വാഗ്ദാനം ചെയ്യുന്നത് ഇതാദ്യമല്ല. ഈ വർഷത്തെ വാലന്‍റൈന്‍സ് ഡേയിലും കഴിഞ്ഞ വർഷം സെപ്റ്റംബറിലും ഇത്തരത്തില്‍ സൗജന്യ ഷോകള്‍ ലഭ്യമാക്കിയിരുന്നു. കൂടാതെ, 2019ല്‍ പുറത്തിറങ്ങിയ ബാര്‍ഡ് ഓഫ് ബ്ലഡിന്‍റെ ആദ്യ എപ്പിസോഡ് ഇന്ത്യയിൽ സൗജന്യമായി കാണാൻ അനുവദിച്ചിരുന്നു.
ഭാഷ ഇഷ്ടപ്പെടുന്നവർക്കായി നെറ്റ്ഫ്ലിക്സ് അതിന്‍റെ യൂസർ ഇന്‍റര്‍ഫേസ് ഹിന്ദിയിലും ഈയടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്. യൂസര്‍ ഇന്‍റര്‍ഫേസ് ഹിന്ദിയിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഏത് ഉപകരണത്തിലും പ്രൊഫൈലുകൾ > ലാംഗ്വേജ് സെറ്റിംഗ്സ് എന്നതിലേക്ക് പോയി ഭാഷ മാറ്റാന്‍ സാധിക്കും. ഇന്ത്യക്ക് പുറത്തുള്ള ഉപയോക്താക്കൾക്കും ഹിന്ദി യുഐ ലഭ്യമാകും. 199 രൂപയില്‍ ആരംഭിക്കുന്ന മൊബൈൽ പ്ലാനാണ് നെറ്റ്ഫ്ലിക്സിന്‍റെ ഏറ്റവും പോക്കറ്റ് ഫ്രണ്ട്‌ലി പ്ലാൻ.
Leave a Reply