വ്യാജ ഇമെയിലുകള്‍ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകള്‍ക്ക് എതിരെ ജാഗ്രത പാലിക്കുവാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നു. ഇത്തരം ഇമെയില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും വ്യാജമെയിലുകള്‍ ലഭ്യമായാല്‍ അതിനെതിരെ നടപടികള്‍ എടുക്കണമെന്നും ബാങ്ക് നിര്‍ദേശിച്ചിരിക്കുകയാണ്.
ചില തട്ടിപ്പുകാർ എസ്ബിഐ-യുടെ ഔദ്യോഗിക ഇമെയിലിന് സമാനമായ ഐഡി-യില്‍ കസ്റ്റമേഴ്സിന് മെയിലുകൾ അയയ്ക്കുന്നുവെന്നാണ് ബാങ്ക് വെളിപ്പെടുത്തിയിരിക്കുന്നത്. “ഞങ്ങളുടെ ഉപഭോക്താക്കൾക്ക് എസ്‌ബിഐയുടെ പേരിലും ശൈലിയിലും നിലവിലുള്ള സ്ഥാപനങ്ങളിൽ നിന്ന് വ്യാജ അലേർട്ട് ഇ-മെയിലുകൾ ലഭിക്കുന്നു. അത്തരം ഇ-മെയിലുകളിൽ ക്ലിക്ക് ചെയ്യുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കുക. ഞങ്ങൾ ഒരിക്കലും അത്തരം മെയിലുകൾ അയയ്‌ക്കില്ല.” എന്നതായിരുന്നു ട്വിറ്ററിലെ ഉള്ളടക്കം. ഇത്തരം തട്ടിപ്പുകൾ നേരിട്ടാൽ എന്തുചെയ്യണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
ബാങ്കിൽ നിന്നുള്ള ഔദ്യോഗിക ആശയവിനിമയമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് വ്യാജ മെയിലിന്‍റെ ഫോർമാറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതിനാൽ ഉപഭോക്താക്കൾ ചിന്തിച്ച് മാത്രമേ ഇത്തരം മെയിലുകൾ ക്ലിക്ക് ചെയ്യാവൂ എന്ന് ബാങ്ക് നിര്‍ദേശിക്കുന്നു. ഉപയോക്താക്കൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ ബാങ്കിന്‍റെ ഔദ്യോഗിക നെറ്റ് ബാങ്കിംഗ് സൈറ്റിൽ ലിങ്ക് നൽകിയിട്ടുണ്ട്.
ഇത്തരം വ്യാജ മെയിലുകൾ ലഭിക്കുന്ന ഉപഭോക്താക്കളോട് കേന്ദ്ര സൈബർ ക്രൈം വകുപ്പിന് റിപ്പോർട്ട് ചെയ്യാൻ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുവാന്‍ ബാങ്കിന്‍റെ ട്വീറ്റിൽ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്‍റിലേക്ക് പ്രവേശിക്കുന്നതിനുള്ള ലിങ്ക് നൽകിയിട്ടുണ്ട്. ഈ ലിങ്കുവഴി ഇമെയിൽ-കുംഭകോണം, ഫിഷിംഗിനുള്ള ശ്രമങ്ങൾ, മറ്റ് സമാന സൈബർ കുറ്റകൃത്യങ്ങൾ എന്നിവ കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കും.
Leave a Reply