പബ്ജി മൊബൈൽ ആപ്ലിക്കേഷനടക്കം 118 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈൽ ഗെയിമായ പബ്ജി ഉൾപ്പെടെയുള്ള ആപ്പുകൾ നിരോധിക്കുകയാണെന്ന കാര്യം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചത്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും സുരക്ഷയ്ക്കും പ്രതിരോധ സംവിധാനങ്ങൾക്കും ഈ ആപ്പുകൾ ഭീഷണിയാണെന്ന് കാണിച്ചാണ് നിരോധനം. ആൻഡ്രോയിഡിലും ഐഓഎസിലും ഉള്ള ചൈനീസ് ആപ്പുകൾ ഉപഭോക്താക്കളുടെ ഡേറ്റ ദുരുപയോഗം ചെയ്യുന്നതായി പരാതികൾ ഉണ്ടായിട്ടുണ്ട്.
രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മൊബൈൽ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനാണ് ഇത്തരത്തിലൊരു നീക്കം കേന്ദ്രം നടത്തിയിരിക്കുന്നത്.
നിലവിൽ പബ്ജി ഗെയിം കളിക്കുന്ന 33 മില്ല്യൺ ആളുകളാണ് ഇന്ത്യയിൽ ഉള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് ഏറെ ജനപ്രീതി നേടിയ മൊബൈൽ ആപ്ലിക്കേഷൻ ആയിരുന്നു പബ്ജി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ഗെയിമും ഇതുതന്നെയാണ്.
പബ്ജി ലൈറ്റ്, പബ്ജി ലിവിക്, ബയ്ഡൂ,വിചാറ്റ് റീഡിംഗ്, ഗവൺമെന്റ് വിചാറ്റ്, സ്മാർട്ട് ആപ്പ്ലോക്ക്, ആപ്പ്ലോക്ക്, ബ്യൂട്ടി ക്യാമറ പ്ലസ് എന്നിവയും നിരോധിത ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.
Leave a Reply