ഷവോമിയുടെ പുതിയ മി വയർലെസ് പവർബാങ്ക് 30W ചൈനയിൽ അവതരിപ്പിച്ചു. 10000mAh ലിഥിയം അയൺ പോളിമർ ബാറ്ററിയുള്ള പുതിയ പവർബാങ്ക് വയർലെസ് ചാർജ്ജിംഗ് സ്റ്റാൻഡായി മാറ്റാവുന്നതാണ്. കറുത്ത നിറത്തിൽ ലഭ്യമായിട്ടുള്ള ഈ പവര്‍ബാങ്കില്‍ ചാർജ്ജ് ചെയ്യുന്നതിന് അഞ്ച് കണക്റ്റര്‍ അഥവാ പോഗോ പിന്നുകൾ ഉള്ള ഒരു കണക്റ്റിംഗ് ഡോക്ക് ആണ് നല്‍കിയിരിക്കുന്നത്. കണക്റ്റിംഗ് ഡോക്കിൽ സ്ഥാപിച്ചുകഴിഞ്ഞാൽ, പവർബാങ്ക് സ്മാർട്ട്ഫോണുകളുടെ വയർലെസ് ചാർജ്ജിംഗ് സ്റ്റാൻഡായി മാറുകയും ഗൂഗിൾ അവതരിപ്പിച്ച പിക്സൽ സ്റ്റാൻഡിന് സമാനമായി കാണപ്പെടുകയും ചെയ്യുന്നു.
മി വയർലെസ് പവർബാങ്ക് 30W വില
നിലവില്‍ ചൈനീസ് വിപണികളില്മാത്രം ലഭ്യമായിട്ടുള്ള
മി വയർലെസ് പവർബാങ്ക് 30W-ന് 199 ചൈനീസ് യുവാന്‍ (ഏകദേശം 2100 രൂപ) ആണ് വില. ചൈനയിലെ Mi.com ൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമായിട്ടുള്ള ഈ ഉപകരണം ചൈനയ്ക്ക് പുറത്ത് ലഭ്യമാക്കുന്നതിനെ കുറിച്ച് വ്യക്തതയില്ല.
മി വയർലെസ് പവർബാങ്ക് 30W സവിശേഷതകൾ
മി വയർലെസ് പവർബാങ്ക് 30W ന് കറുത്ത കളർ ഫിനിഷും വയർലെസ് ചാർജ്ജിംഗ് പിന്തുണ ചിത്രീകരിക്കുന്നതിന് ഉപരിതലത്തിൽ വയർലെസ് ചാർജ്ജിംഗ് ഐക്കണും ഉണ്ട്. ഇതിന് 10000mAh ലിഥിയം അയൺ പോളിമർ ബാറ്ററിയുണ്ടെങ്കിലും റേറ്റുചെയ്ത ശേഷി 5600mAh മാത്രമാണ്. പവർബാങ്ക് ചാർജ്ജ് ചെയ്യുന്നതിനുള്ള അഞ്ച് പോഗോ പിന്നുകളോട് കൂടിയ ഒരു ഡോക്കുമായാണ് ഷവോമിയിൽ നിന്നുള്ള പുതിയ ഉത്പ്പന്നം എത്തിയിരിക്കുന്നത്. ഡോക്കുമായി ബന്ധിപ്പിക്കുമ്പോൾ, പവർബാങ്ക് ഒരു ലംബ ആകൃതിയിലുള്ള വയർലെസ് ചാർജ്ജറായി മാറുന്നു.
ഫോൺ ചാർജ്ജ് ചെയ്യേണ്ട സന്ദര്‍ഭങ്ങളിൽ, പവർബാങ്ക് ഡോക്കിൽ വയ്ക്കുക. തുടർന്ന് വയർലെസായി ചാർജ്ജ് ചെയ്യുവാനായി സ്മാർട്ട്ഫോൺ സ്ഥാപിക്കുക. ഈ സമയത്ത്, ഡോക്ക് പവർബാങ്ക് ചാര്‍ജ്ജ് ചെയ്യുകയും പവർബാങ്ക് സ്മാർട്ട്ഫോണ്‍ ചാര്‍ജ്ജ് ചെയ്യുകയും ചെയ്യുന്നു. പവർബാങ്കിന്റെ വശത്തുള്ള എൽഇഡികൾ ബാറ്ററി സ്റ്റാറ്റസ് കാണിക്കുകയും ഡോക്കിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ പ്രകാശിക്കുകയും ചെയ്യുന്നു.
പരമാവധി 27W ഔട്ട്പുട്ട് ശേഷിയുള്ള യുഎസ്ബി ടൈപ്പ്-എ പോർട്ടും, 30W പരമാവധി ഔട്ട്പുട്ട് ശേഷി നൽകുമെന്ന് അവകാശപ്പെടുന്ന യുഎസ്ബി ടൈപ്പ്-സി പോർട്ടും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. പവർബാങ്കിനെ ഡോക്കിൽ നിന്ന് ചാർജ്ജ് ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നില്ലെങ്കിൽ, 18W പവർ ഇൻപുട്ട് ഉള്ള യുഎസ്ബി ടൈപ്പ് സി പോർട്ട് ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്നതാണ്. പോഗോ പിന്നുകളിലൂടെ 10W മാക്സിമം പവർ ഔട്ട്പുട്ടിലും പവർബാങ്ക് ചാര്‍ജ്ജ് ആകുന്നതാണ്.
Leave a Reply