വാട്‌സ്ആപ്പിലും മാതൃ കമ്പനിയായ ഫെയ്‌സ്ബുക്കിന്‍റെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ധാരാളം തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നതിൽ കമ്പനി എപ്പോഴും വിമര്‍ശനങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. തെറ്റായ വിവരങ്ങൾ തടയാൻ കഴിയുന്ന വിവിധ സവിശേഷതകൾ ഉപയോഗിക്കാൻ വാട്സ്ആപ്പ് ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ, വേണ്ടത്ര ചെയ്യാത്തതിന്‍റെ പേരിൽ ഫെയ്‌സ്ബുക്ക് കൂടുതലായി പഴികേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫെയ്സ്ബുക്ക് മെസഞ്ചർ പ്ലാറ്റ്‌ഫോമിലെ ഫോർവേഡ് സന്ദേശങ്ങൾ നിയന്ത്രിക്കുമെന്ന് കമ്പനി ഒരു ബ്ലോഗിൽ വെളിപ്പെടുത്തി. ഒരു സമയം അഞ്ച് ആളുകൾക്ക് അല്ലെങ്കിൽ ഗ്രൂപ്പുകൾക്ക് മാത്രമേ സന്ദേശങ്ങൾ കൈമാറാൻ സാധിക്കൂ. ഈ നീക്കം തെറ്റായ വിവരങ്ങളുടെയും ദോഷകരമായ ഉള്ളടക്കത്തിന്‍റെയും വ്യാപനം കുറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ആളുകൾക്ക് സുരക്ഷിതവും സ്വകാര്യവുമായ സന്ദേശമയയ്‌ക്കൽ അനുഭവം നൽകുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, ഇന്ന് ഞങ്ങൾ മെസഞ്ചറിൽ ഒരു ഫോർവേഡിങ് പരിധി അവതരിപ്പിക്കുന്നു. ഇതിനാൽ ഒരേസമയം അഞ്ച് ആളുകൾക്ക് അല്ലെങ്കിൽ ഗ്രൂപ്പുകൾക്ക് മാത്രമേ സന്ദേശങ്ങൾ കൈമാറാൻ കഴിയൂ. യഥാർത്ഥ ലോകത്തിന് ദോഷം വരുത്താൻ സാധ്യതയുള്ള വൈറൽ, തെറ്റായ വിവരങ്ങളുടെയും ദോഷകരമായ ഉള്ളടക്കത്തിന്‍റെയും വ്യാപനം മന്ദഗതിയിലാക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ് ഫോർവേഡിങ് പരിമിതപ്പെടുത്തുന്നത് എന്ന് പ്രൊഡക്ട് മാനേജ്‌മെന്‍റ്, മെസഞ്ചർ പ്രൈവസി, സേഫ്റ്റി ഡയറക്ടർ ജയ് സള്ളിവൻ പറഞ്ഞു.
വാട്സ്ആപ്പില്‍ ഈ നിയന്ത്രണം കമ്പനി നേരത്തെ നടപ്പിലാക്കിയിരുന്നു. മെസ്സഞ്ചറിലും ഇനി മുതല്‍ ഒരേസമയം അഞ്ചിൽ കൂടുതൽ ആളുകൾക്കോ ഗ്രൂപ്പുകൾക്കോ ഒരു പ്രത്യേക സന്ദേശം അയയ്ക്കാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കില്ല. ഫോർവേർഡ് ചെയ്‌ത പട്ടികയിൽ കൂടുതൽ ആളുകളെ ചേർക്കാൻ ഉപയോക്താവ് ശ്രമിക്കുകയാണെങ്കിൽ, ‘ഫോർവേഡിങ് പരിധിയിലെത്തി’ എന്ന പോപ്പ്-അപ്പ് സന്ദേശം ലഭിക്കുന്നതാണ്.
Leave a Reply