ചെറുകിട, ഇടത്തരം ബിസിനസ് സംരംഭകര്‍ക്കായി ഇ-ഇങ്ക് ഡിസ്പ്ലേയുള്ള പുതിയ ഡ്യുവൽ സ്ക്രീൻ ലാപ്‌ടോപ്പായി ലെനോവ തിങ്ക്ബുക്ക് പ്ലസ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നു. സിഇഎസ് 2020 ലാണ് തിങ്ക്ബുക്ക് പ്ലസ് ആദ്യമായി അവതരിപ്പിച്ചത്. ലിഡിന് മുകളിൽ 10.8 ഇഞ്ച് ഇ-ഇങ്ക് ഡിസ്പ്ലേ, 13.3 ഇഞ്ച് ഫുൾ എച്ച്ഡി മെയിൻ ഡിസ്പ്ലേ. ഇന്‍റൽ പത്താം തലമുറ കോർ ഐ7 പ്രോസസ്സർ തുടങ്ങിയ സവിശേഷതകളോട് കൂടിയ ഡിവൈസാണിത്. സിംഗിൾ കളർ ഓപ്ഷനായ തിങ്ക്ബുക്ക് പ്ലസിന് ഡോൾബി ഓഡിയോ പിന്തുണയുള്ള ഹാർമോൺ കാർഡൺ സ്പീക്കറുകൾ ഉണ്ട്.
വിൻഡോസ് 10 പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ലെനോവ തിങ്ക്ബുക്ക് പ്ലസില്‍ സ്ലിം ബെസലുകളുള്ള 13.3 ഇഞ്ച് ഫുൾ എച്ച്ഡി (1920×1080 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഇന്‍റൽ 10-ജനറേഷൻ കോർ ഐ7 പ്രോസസ്സർ വരെയും 16ജിബി വരെ ഡിഡിആർ 4 റാമും തിങ്ക്ബുക്ക് പ്ലസിൽ സജ്ജീകരിക്കാം. ഇന്‍റൽ യുഎച്ച്ഡി ഓൺബോർഡ് ഗ്രാഫിക്സാണ് ലാപ്‌ടോപ്പിനുള്ളത്. ലാപ്‌ടോപ്പ് അടച്ചുകൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന 10.8 ഇഞ്ച് ഇ-ഇങ്ക് മോണോക്രോമാറ്റിക് ഡിസ്‌പ്ലേയാണ് ലെനോവോ തിങ്ക്ബുക്ക് പ്ലസിന്‍റെ മുഖ്യ സവിശേഷത. ഇന്‍റഗ്രേറ്റഡ് ലെനോവോ പ്രിസിഷൻ പെൻ ഉപയോഗിച്ച് കുറിപ്പുകൾ എടുക്കുന്നതിനോ സ്കെച്ചിംഗിനോ ഇത് ഉപയോഗിക്കാം. സ്ക്രാച്ച് പ്രൂഫ് കോർണിംഗ് ഗോറില്ല ഗ്ലാസ് എൻബിടി ഫീച്ചർ ചെയ്യുന്നതിലൂടെ, ലിഡ് അടയ്‌ക്കുമ്പോൾ ഡിസ്പ്ലേയ്ക്ക് അവശ്യ അറിയിപ്പുകൾ കാണിക്കാൻ കഴിയും.
32 ജിബി ഇന്‍റൽ ഒപ്റ്റെയ്ൻ മെമ്മറി എച്ച് 10, 512 ജിബി എസ്എസ്ഡി എന്നിവ സ്റ്റോറേജിനായി തിങ്ക്ബുക്ക് പ്ലസിൽ ലഭ്യമാണ്. ഫാസ്റ്റ് ചാർജ്ജിംഗിനുള്ള പിന്തുണയോടെ 10 മണിക്കൂർ ബാറ്ററി ലൈഫാണ് ഇത് നൽകുന്നത്. ഡോൾബി ഓഡിയോ പിന്തുണയുള്ള ഹാർമോൺ കാർഡൻ സ്പീക്കറുകളും അലക്‌സ വോയ്‌സ് അസിസ്റ്റന്‍റുമാണ് ഓഡിയോ ഫീച്ചറുകള്‍. വൈഫൈ 802.11 2×2 ax, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട്, രണ്ട് യുഎസ്ബി 3.0 പോർട്ടുകൾ, എച്ച്ഡിഎംഐ 1.4 ബി പോർട്ട്, ഹെഡ്ഫോൺ ജാക്ക് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതില്‍ ഉണ്ട്. 1.4 കിലോഗ്രാം ഭാരമുള്ള തിങ്ക്ബുക്ക് പ്ലസിന് വലതുവശത്താണ് ഫിംഗർപ്രിന്‍റ് സ്കാനറും സജ്ജീകരിച്ചിരിക്കുന്നത്.
ലെനോവോ തിങ്ക്ബുക്ക് പ്ലസിന് നികുതി ഉൾപ്പെടെ 112690 രൂപയാണ് വില. അയൺ ഗ്രേ കളർ വേരിയന്‍റിൽ ഉള്ള ഉപകരണം രാജ്യത്തെ Lenovo.com, Amazon എന്നിവയിൽ നിന്ന് വാങ്ങാൻ ലഭ്യമാണ്.
Leave a Reply