ആപ്പിൾ കമ്പനിയുടെ ഓൺലൈൻ സ്റ്റോർ ഇന്ത്യയിൽ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ആപ്പിൾ സ്റ്റോറിൽനിന്ന് ഉപയോക്താക്കൾക്ക് നേരിട്ടു ഉൽപ്പന്നങ്ങൾ വാങ്ങാം എന്നതിനൊപ്പം, നേരിട്ടുള്ള കസ്റ്റമർ സപ്പോർട്ടും സ്റ്റുഡന്‍റ്സ് ഡിസ്കൗണ്ടുകളും ഫിനാൻസിങ് ഓപ്ഷനുകളും ആപ്പിള്‍ സ്റ്റോറില്‍ ലഭ്യമായിരിക്കും.
അടുത്തിടെ പ്രഖ്യാപിച്ച ഐപാഡുകളും ആപ്പിൾ വാച്ച് സീരീസ് 6, വാച്ച് എസ്ഇ എന്നിവയുൾപ്പെടെ ആപ്പിൾ അതിന്‍റെ എല്ലാ ഉൽപ്പന്നങ്ങളും സ്റ്റോറിൽ പ്രദർശിപ്പിക്കും.
ഓണ്‍ലൈന്‍ സ്റ്റോറിലൂടെ വാങ്ങുന്ന ഉൽപ്പന്നങ്ങൾ 24 മുതൽ 72 മണിക്കൂറിനുള്ളിൽ സൗജന്യമായി എത്തിക്കുമെന്നാണ് ആപ്പിൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നിരുന്നാലും വിതരണ സമയം, ലൊക്കേഷന്‍റെ വിദൂരതയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നതുമായിരിക്കും. കൂടാതെ, കോവിഡ് -19 പാൻഡെമിക് കാരണമുള്ള പ്രാദേശിക ലോക്ക്ഡൗൺ നിയമങ്ങളും വിതരണത്തെ ബാധിക്കാം.
ഉപയോക്താക്കൾക്ക് ഒരു യുണീക് കസ്റ്റമര്‍ എക്സ്പീരിയന്‍സ് നൽകുക എന്നതാണ് ആപ്പിൾ ഓൺലൈൻ സ്റ്റോറിന്‍റെ പിന്നിലെ ആശയം. വിദഗ്ദ്ധർ ഉപഭോക്താക്കളുടെ ആവശ്യകതകൾ മനസിലാക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ശരിയായ ഉൽപ്പന്നം തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുകയും നയിക്കുകയും ചെയ്യും. മാത്രമല്ല, ഓൺലൈൻ സ്റ്റോറിലെ വിദഗ്ധർ ഉൽപ്പന്നം സജ്ജീകരിക്കുന്നതിനും സുഗമമായി പ്രവർത്തിപ്പിക്കുന്നതിനും ഉപഭോക്താക്കളെ സഹായിക്കും.
ഉൽപ്പന്നം വാങ്ങി കഴിഞ്ഞ് ഉപഭോക്താക്കൾക്ക് അവരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നതിന് ആപ്പിളിലെ വിദഗ്ധരുമായി 30 മിനിറ്റ് സൗജന്യ കൗൺസിലിംഗ് സെഷൻ ബുക്ക് ചെയ്യാനും അവസരം ഉണ്ട്. ആപ്പിൾ ഓൺലൈൻ പിന്തുണ ഇംഗ്ലീഷിലും, ഫോൺ പിന്തുണ ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാണ്.
ഉൽപ്പന്നങ്ങളുടെ വിലനിർണ്ണയം ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ അതേപടി നിലനിൽക്കും ഒപ്പം എല്ലാ ഫിനാൻസിംഗ്, ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്, കൂടാതെ ഓൺലൈൻ സ്റ്റോറിനുള്ളിലെ ട്രേഡ്-ഇൻ പ്രോഗ്രാമും ലഭ്യമാണ്. എല്ലാ ഓർഡറുകളും സമ്പർക്കരഹിതമായ രീതിയിൽ വിതരണം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പകർച്ചവ്യാധികൾക്കിടയിൽ ഓൺലൈൻ ക്ലാസുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാർത്ഥികള്‍ക്ക് വേണ്ടി മാക്, ഐപാഡ് എന്നിവയ്ക്കായി ആപ്പിൾ ഇന്ത്യയിൽ ഒരു പ്രത്യേക സ്റ്റുഡന്‍റ്സ് ഡിസ്ക്കൗണ്ട് ഓഫറും അവതരിപ്പിക്കും. കൂടാതെ, ടെക് ഭീമന്മാർ ആക്സസറികൾക്കും ആപ്പിൾ കെയർ + ആനുകൂല്യങ്ങൾക്കും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു, രണ്ട് വർഷത്തെ സാങ്കേതിക പിന്തുണയും ആകസ്മികമായ കേടുപാടുകളും ഉൾക്കൊള്ളുന്ന വിപുലീകൃത വാറന്‍റിയാണ് ഇതോടൊപ്പം ലഭ്യമാക്കുക.
Leave a Reply