ഇന്ത്യക്ക് സ്വന്തമായി ഒരു വീഡിയോ കോൺഫറൻസിംഗ് സാങ്കേതികവിദ്യ തയ്യാറാക്കുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇന്നോവേഷൻ ചലഞ്ചിൽ മലയാളിയായ ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജെൻഷ്യ കമ്പനി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇവർ വികസിപ്പിച്ചെടുത്ത ‘വി കൺസോൾ’ ആയിരിക്കും ഇനി ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് ടൂൾ.
മൂന്ന് ഘട്ടങ്ങളിലായി നടന്ന ഇന്നോവേഷൻ ചലഞ്ചിൽ ആയിരത്തോളം കമ്പനികളിൽ നിന്നാണ് ടെക്ജെൻഷ്യ ഒന്നാമത് എത്തിയത്. ഒരു കോടി രൂപയും മൂന്ന് വർഷത്തേക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഡിയോ കോൺഫറൻസിംഗിനുള്ള കരാറുമാണ് ഈ നേട്ടത്തിലൂടെ കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ആലപ്പുഴ സ്വദേശിയായ ജോയി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ളതാണ് ടെക്ജെൻഷ്യ സ്റ്റാർട്ടപ്പ് കമ്പനി.
ലോക്ഡൗണിനെ തുടർന്ന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ എല്ലാം വീഡിയോ കോൺഫറൻസിംഗിനായി ചൈനീസ് വീഡിയോ കോൺഫറൻസിംഗ് ആപ്പ് ആയ സൂം ആയിരുന്നു കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിൽ സുരക്ഷാപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളോട് സർക്കാറിന് സ്വന്തമായി ഒരു വീഡിയോ കോൺഫറൻസിംഗ് ആപ്പ് സൃഷ്ടിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Leave a Reply