കൊറോണ വൈറസ് പാൻഡെമിക് അല്ലെങ്കിൽ മറ്റേതെങ്കിലും ട്രെൻഡിംഗ് ആയുള്ള വിഷയത്തെ സംബന്ധിച്ച ഒരു വാർത്ത ശരിയാണോ അതോ വാട്സ്ആപ്പിൽ വൈറൽ ഫോർവേഡ് ആയ ഒരു സന്ദേശമാണോ എന്ന് അറിയുവാനുള്ള എളുപ്പമാർഗ്ഗം ഇപ്പോൾ വാട്സ്ആപ്പിൽ തന്നെ ലഭ്യമായിരിക്കുന്നു. വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും വാട്സ്ആപ്പിൽ തടയാൻ ഈ പുതിയ സവിശേഷത സഹായകരമാകുന്നതാണ്.
ഫോർവേർഡ് സന്ദേശം ഒറ്റയടിക്ക് എത്ര തവണ പങ്കിടാമെന്നതിൽ പരിധി ഏർപ്പെടുത്തി വ്യാജവാർത്തകൾ അധികമായി പ്രചരിക്കുന്നത് ഒഴിവാക്കാൻ ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഇതിനോടകം നടപടികൾ കൈകൊണ്ടിരുന്നു.
പുതിയ ‘സേർച്ച് ദി വെബ്’ സവിശേഷത പുറത്തിറങ്ങുമ്പോൾ, തെറ്റായ വിവരങ്ങൾ ലഭിക്കാതിരിക്കാൻ ഫോർവേഡ് ചെയ്ത സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാൻ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുമെന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു.
‘സേർച്ച് ദി വെബ്’ എങ്ങനെ ഉപയോഗിക്കാം:
അഞ്ചോ അതിലധികമോ ആളുകളുടെ ഒരു ശൃംഖലയിലൂടെ കൈമാറിയ സന്ദേശങ്ങൾക്ക് അടുത്തായി ഒരു മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഐക്കൺ ദൃശ്യമാകുന്നതാണ്. ഇത് ടാപ്പ് ചെയ്യുന്നതിലൂടെ സന്ദേശത്തിന്റെ ഉള്ളടക്കങ്ങൾ ഓൺലൈനിൽ തിരയുന്നു.
“നിരവധി തവണ കൈമാറിയ സന്ദേശങ്ങൾ തിരയുന്നതിനുള്ള ഒരു ലളിതമായ മാർഗം നൽകുന്നതിലൂടെ വാർത്താ ഫലങ്ങളോ അവർക്ക് ലഭിച്ച ഉള്ളടക്കത്തെക്കുറിച്ചുള്ള മറ്റ് വിവര സ്രോതസ്സുകളോ കണ്ടെത്താൻ ആളുകളെ സഹായിച്ചേക്കാം,” എന്നാണ് കമ്പനി പ്രസ്താവനയിൽ പറയുന്നത്.
ആൻഡ്രോയിഡ്, ഐഒഎസ്, വാട്‌സ്ആപ്പ് വെബ് എന്നിവയ്‌ക്കായുള്ള വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പുകളിലുള്ളവർക്കായി നിലവിൽ ബ്രസീൽ, ഇറ്റലി, അയർലൻഡ്, മെക്സിക്കോ, സ്‌പെയിൻ, യുകെ, യുഎസ് എന്നിവിടങ്ങളിലാണ് ‘സേർച്ച് ദി വെബ്’ ആരംഭിക്കുന്നത്.
Leave a Reply