അസൂസ് സെൻഫോൺ 7 സീരീസും അവയിലെ ഫ്ലിപ്പ് ക്യാമറകളും തിരികെ കൊണ്ടുവരുന്നതായി കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. ഈ ശ്രേണിയിൽ അസൂസ് വാനില സെൻഫോൺ 7, സെൻഫോൺ 7 പ്രോ എന്നീ രണ്ട് സ്മാർട്ട്‌ഫോണുകളാണ് അവതരിപ്പിക്കുന്നത്.
രണ്ട് സ്മാർട്ട്‌ഫോണുകളിലും ടോപ്പ് എൻഡ് ഹാർഡ്‌വെയർ ഉണ്ട്. കഴിഞ്ഞ വർഷത്തെ സെൻഫോണിൽ അവതരിപ്പിച്ച രണ്ട് സെൻസറുകളിൽ നിന്ന് വ്യത്യസ്തമായി സെൻഫോൺ 7, സെൻഫോൺ 7 പ്രോ എന്നിവയ്ക്ക് മൂന്ന് ക്യാമറകളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
അസൂസ് അതിന്റെ സെൻഫോൺ 7 സീരീസിനായി ഹൈ-എൻഡ് പ്രോസസ്സറുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസ്സറാണ് സെൻഫോൺ 7 ന്റെ കരുത്ത്. സെൻഫോൺ 7 പ്രോ അതിവേഗ സ്നാപ്ഡ്രാഗൺ 865 പ്ലസ് പ്രോസസ്സറിൽ പ്രവർത്തിപ്പിക്കുന്നു.
രണ്ട് സ്മാർട്ട്‌ഫോണുകളും 5G നെറ്റ്‌വർക്കുകളെ പിന്തുണയ്‌ക്കുന്നു. ഇരു സെൻഫോൺ 7 സീരീസ് മോഡലുകളും എളുപ്പത്തിൽ ആക്‌സസ്സ് ചെയ്യുന്നതിനായി ഫിംഗർപ്രിന്റ് സെൻസറിനെ പിന്നിൽ നിന്ന് പവർ ബട്ടണിലേക്ക് അസൂസ് മാറ്റിസ്ഥാപിച്ചു.
സെൻഫോൺ 7, സെൻഫോൺ 7 പ്രോ എന്നിവയ്‌ക്ക് 6.67 ഇഞ്ച് എഫ്‌എച്ച്‌ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേകളുണ്ട്. 700nits തെളിച്ചം നൽകി അസൂസ് സെൻഫോൺ 7 ന്റെ ഡിസ്‌പ്ലേ മെച്ചപ്പെടുത്തിയിരിക്കുന്നു. ഇത് സൂര്യപ്രകാശത്തിൽ നേരിട്ട് വാചകം വായിക്കാൻ പര്യാപ്തമാണ്.
ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള സെൻ യുഐ 7 യിലാണ് ഇരു സ്മാർട്ട്‌ഫോണുകളും പ്രവർത്തിപ്പിക്കുന്നത്. 30W വേഗതയിൽ ചാർജ്ജിംഗ് സാധ്യമാകുന്ന 5000mAh ബാറ്ററിയും ഇരു ഡിവൈസുകളിലും ഉൾപ്പെട്ടിരിക്കുന്നു.
സെൻഫോൺ 7, സെൻഫോൺ 7 പ്രോ എന്നിവയെക്കുറിച്ചുള്ള ആകർഷകരമായ കാര്യം അവയുടെ ക്യാമറകളാണ്. ഇരു ഡിവൈസുകളിലേയും ഫ്ലിപ്പിംഗ് മൊഡ്യൂളിൽ 64mp വൈഡ് ആംഗിൾ പ്രൈമറി സോണി IMX 686 സെൻസർ, 113 ഡിഗ്രി വ്യൂ ഫീൽഡ് നൽകുന്ന 12mp അൾട്രാവൈഡ് സെൻസർ,3X ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന 8mp ടെലിഫോട്ടോ സെൻസർ എന്നീ മൂന്ന് സെൻസറുകളാണ് നൽകിയിരിക്കുന്നത്.
6 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 55800 രൂപയും, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 60800 രൂപ എന്നിങ്ങനെയാണ് സെൻഫോൺ 7 വരുന്നത്.
സെൻഫോൺ 7 പ്രോയ്ക്ക് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റ് മാത്രമേയുള്ളൂ ഇതിന് ഏകദേശം 71000 രൂപയാണ് വില. ഇരു ഹാൻഡ്സെറ്റുകളും കറുപ്പ്, വെളുപ്പ് നിറങ്ങളിൽ ലഭ്യമാണ്.
നിലവിൽ തായ്‌വാൻ വിപണിയിലാണ് സെൻഫോൺ 7, സെൻഫോൺ 7 പ്രോ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചിരിക്കുന്നത്.
സെൻഫോൺ 7 സീരീസിന്റെ ആഗോള ലഭ്യതയെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ ഇവ ഇന്ത്യയിൽ പുറത്തിറക്കുകയാണെങ്കിൽ, അവയെ അസൂസ് 7Z, അസൂസ് 7Z പ്രോ എന്ന് പുനർനാമകരണം ചെയ്യുന്നതായിരിക്കും.
Leave a Reply