നന്മയ്ക്കുവേണ്ടി തിന്മയെ കൂട്ടുപിടിക്കുന്ന ഒരു അവസ്ഥയാണ് ഇന്ന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ വളർച്ചയും അതിലുള്ള വിശ്വാസവുമാണ് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വിദ്യാഭ്യാസത്തെ ഓൺലൈനിലേക്ക് മാറ്റിയിരിക്കുന്നത്. ഒരുപാട് നന്മകള്‍ക്കിടയില്‍ തിന്മകള്‍ ഒളിഞ്ഞിരിക്കുന്ന ഒന്നാണ് സാങ്കേതികവിദ്യയും ഇലക്ട്രോണിക് ഉപകരണങ്ങളും. പുതിയ പഠന രീതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് ചെറിയ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ അനവധിയാണ്. കൊച്ചുകുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം വേണോ എന്നതിനെ സംബന്ധിച്ച് പുനര്‍ചിന്തനം കൂടിയേതീരൂ.
കോവിഡ്-19 കാരണമായുള്ള ഈ താല്‍ക്കാലികമായ പഠനരീതി ചെറിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെട്ട് അതില്‍ പങ്കുചേര്‍ന്നുപോയാല്‍ പിന്നെയൊരുമാറ്റം അവര്‍ ഉള്‍ക്കൊള്ളണമെന്നില്ല. 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഒരു മണിക്കൂറിലധികം സ്ക്രീന്‍ടൈം നല്‍കരുതെന്ന കാര്യമൊക്കെ മറന്നാണ് ഇപ്പോഴത്തെ ഓണ്‍ലൈന്‍ പഠനരീതിയില്‍ എല്‍കെജി വിദ്യാര്‍ത്ഥികളെ മുതല്‍ പങ്കെടുപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിതോപയോഗം കുട്ടികളുടെ തലച്ചോറിന്‍റെ വളർച്ചയ്ക്ക് തടസ്സം ഉണ്ടാക്കും, സെൽഫോണിൽ നിന്നുള്ള റേഡിയേഷൻ ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകും, ഉപകരണങ്ങളുടെ ബ്ലൂ സ്ക്രീൻലൈറ്റ് കുട്ടികളുടെ കണ്ണുകൾക്ക് ദോഷകരമാണ് തുടങ്ങി ധാരാളം വസ്തുതകൾ മറന്നുകൊണ്ടാണ് രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് കൊച്ചുകുട്ടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്.
മിനിമം അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് എങ്കിലും ഓൺലൈൻ പഠനം ഒഴിവാക്കി നൽകുന്നതിനെക്കുറിച്ചുള്ള തീരുമാനം ഗവണ്‍മെന്‍റ് കൈക്കൊള്ളേണ്ടതാണ്. അത്രയും പറ്റിലെങ്കില്‍ എൽകെജി, യുകെജി, 1, 2, 3 ക്ലാസുകളിലെ വിദ്യാർത്ഥികളെ നിർബന്ധമായും ഓൺലൈൻ പഠനത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ് ഉത്തമം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗത്തിൽ കുടുങ്ങാതെ കളിച്ചും ചിരിച്ചും മറ്റുള്ളവരുമായി ഇടപെഴകിയും അവര്‍ പുത്തന്‍ അറിവുകള്‍ സ്വയം നേടട്ടെ….
Leave a Reply