സാംസങ് ഗ്യാലക്‌സി എ 51: 2020 Q1 ല്‍ ഏറ്റവുമധികം വിൽപ്പനനേടിയ ആൻഡ്രോയിഡ് ഫോൺ

2020ന്‍റെ ആദ്യ പാദത്തിൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണാണ് സാംസങ് ഗ്യാലക്‌സി എ 51 (4G) എന്ന് ഗവേഷണ സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്‌സ് അവകാശപ്പെടുന്നു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആൻഡ്രോയിഡ് ഫോണുകളിൽ റെഡ്മി 8 ആണ് രണ്ടാം സ്ഥാനത്തുള്ളത്. ആഗോളതലത്തിൽ സാംസങ് 60 ലക്ഷത്തിലധികം സ്മാർട്ട്‌ഫോൺ കയറ്റുമതി ചെയ്തിരിക്കുന്നു. പട്ടികയിലെ മികച്ച ആറ് സ്മാർട്ട്‌ഫോണുകളിൽ സാംസങിൽ നിന്നുള്ള നാലും ഷവോമിയിൽ നിന്നുള്ള രണ്ടും ഹാന്‍ഡ്സെറ്റുകള്‍ ഉൾപ്പെടുന്നു.

വിപണി വിഹിതത്തിന്‍റെ 1.9 ശതമാനമാണ് രണ്ടാം സ്ഥാനത്തുള്ള റെഡ്മി 8 നേടിയിരിക്കുന്നത്. 1.7 ശതമാനം ഷെയറുള്ള ഗ്യാലക്‌സി എസ് 20+ ഫോണുമായി സാംസങ് മൂന്നാം സ്ഥാനത്തും എത്തിയിരിക്കുന്നു. നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങളിൽ സാംസങ് ഗ്യാലക്‌സി എ 10, റെഡ്മി നോട്ട് 8 എന്നിവയാണ്. 1.6 ശതമാനം വിപണി വിഹിതമാണ് ഇരുഫോണുകളും നേടിയിട്ടുള്ളത്.

6GB +128GB ഓൺബോർഡ് സ്റ്റോറേജ് വേരിയന്‍റുള്ള സാംസങ് ഗ്യാലക്‌സി എ 51 ഇന്ത്യയിൽ 25250 രൂപയ്ക്ക് ലഭ്യമാണ്. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് ബ്ലൂ, പ്രിസം ക്രഷ് വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളില്‍ ലഭ്യമായിട്ടുള്ള ഗ്യാലക്‌സി എ 51 സ്മാര്‍ട്ട്ഫോണില്‍ 6.5 ഇഞ്ച് സൂപ്പർ AMOLED ഫുൾ എച്ച്ഡി + (1080 x 2400 പിക്‌സൽ) ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഒക്ടാകോർ എക്‌സിനോസ് 9611SoC ല്‍ അവതരിപ്പിച്ചിട്ടുള്ള ആൻഡ്രോയിഡ് 10 ഓഎസിന് മുകളിലേക്കുള്ള വണ്‍ യുഐ 2.0യിലാണ് സാംസങ് ഗ്യാലക്‌സി എ 51 പ്രവർത്തിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*