കംപ്യൂട്ടര്‍ പരിചയമുള്ളവര്‍ക്കെല്ലാം സിനിമയിലെ കംപ്യൂട്ടര്‍ രംഗങ്ങള്‍ ചിരിക്ക് വകയുള്ളവയാണ്. സാങ്കേതികസ്വഭാവമില്ലാത്ത സിനിമയാണെങ്കില്‍ ടൈപ്പുചെയ്തുതയ്യാറാക്കിയ ഒരു ഡോക്യുമെന്റോ തിരുത്തിയ സ്ക്രീന്‍ഷോട്ടോ ഒക്കെയായിരിക്കും അത്യാധുനിക സോഫ്റ്റ്വെയര് എന്ന മട്ടില്‍ കാണിക്കുക. നല്ല ബജറ്റുള്ള ശാസ്ത്രസാങ്കേതികസിനിമയാണെങ്കിലോ, നേരെ വിപരീതമാണ്. ശരിക്കുള്ള ഒരു കംപ്യൂട്ടര്‍ വിദഗ്ധനും ഇത്ര വര്‍ണപ്പകിട്ടും ചലനവുമുള്ള പ്രോഗ്രാമുകള്‍ കണ്ടിട്ടുണ്ടാവില്ല. ത്രീഡി ഗ്രാഫിക്സിന്റെ സഹായത്തോടെയാവും സിനിമയിലെ ഹാക്കര്‍ നുഴഞ്ഞുകയറ്റം നടത്തുന്നത് (ശരിക്കുള്ള ലോകത്ത് സുരക്ഷാവിദഗ്ധര്‍ക്കും അക്രമികള്ക്കുമെല്ലാം പ്രിയം ഒരു ഗ്രാഫിക്സുമില്ലാത്ത കമാന്‍ഡ് ലൈന്‍ ടെര്‍മിനലുകളാണ്). എന്നാല്‍ അതിശയോക്തിയെന്നു കരുതുന്ന ചിലതെല്ലാം സത്യവുമാകാം. അതിനൊരുദാഹരണമാണ് 1993-ല്‍ പുറത്തിറങ്ങിയ ‘ജുറാസിക് പാര്‍ക്കി’ലെ ഒരു രംഗം.
സിനിമയുടെ അവസാനഭാഗം. സ്വൈരവിഹാരം നടത്തുന്ന ദിനോസറുകളില്‍നിന്ന് എങ്ങനെയെല്ലാമോ രക്ഷപ്പെട്ട് കണ്ട്രോള് റൂമിലെത്തിയതാണ് പ്രധാനകഥാപാത്രങ്ങളില്ച്ചിലര്. വാതിലിനപ്പുറം കൂര്‍മബുദ്ധിയും മാംസംതീനിയുമായ വെലോസിറാപ്റ്റര്‍. അതതാ, വാതിലിന്റെ പിടി തിരിച്ചുകഴിഞ്ഞു. കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ റീബൂട്ട് ചെയ്യാതെ വാതില്‍ പൂട്ടാനാവില്ല. കാത്തുനില്ക്കാന് നേരവുമില്ല. അതോടെ കംപ്യൂട്ടര്‍ റീബൂട്ട് ചെയ്യാനുള്ള ശ്രമം പാതിവഴിയിലുപേക്ഷിച്ച് എല്ലി സാറ്റ്ലര്‍, അലന് ഗ്രാന്റിനരികിലേക്കോടി. ഇരുവരും ചേര്‍ന്ന് സര്‍വശക്തിയുമുപയോഗിച്ച് വാതില്‍ അടച്ചുപിടിക്കാന്‍ ശ്രമമാരംഭിച്ചു.
ടിം, ലക്സ് എന്നീ രണ്ടുകുട്ടികളാണ് മുറിയില്‍ ബാക്കിയുള്ളത്. കൊച്ചുപയ്യനായ ടിം ആകെ അസ്വസ്ഥനാണ്. പരിഭ്രമത്തിനിടയിലും അവന്റെ ചേച്ചി ലക്സ് കംപ്യൂട്ടറിനരികിലേക്കോടി. സ്ക്രീനിലേക്ക് അല്പനേരം നോക്കിയ ശേഷം അവള് പറഞ്ഞു, ‘ഇറ്റ്സ് എ യുണീക്സ് സിസ്റ്റം… ഐ നോ ദിസ്…!’ സ്ക്രീനില്‍ ത്രീഡി ഗ്രാഫിക്സില്‍ കട്ടകളായി ഫയലുകള്‍… മൗസ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കെട്ടിടങ്ങള്‍ക്കുമേലെ പറക്കുന്ന ഹെലികോപ്റ്ററില്‍നിന്നുള്ള ദൃശ്യം പോലെ സ്ക്രീന്‍… ഒടുവില്‍ ലക്സ് ആവശ്യമുള്ള ഫയല്‍ കണ്ടെത്തി ഡബിള്‍ ക്ലിക്ക് ചെയ്യുന്നു. അതാ, പാര്‍ക്കിലെ വാതിലുകള്‍ ഓരോന്നായി പൂടുന്നു! ഒപ്പം കണ്ട്രോള് റൂമിന്റേതും.
ഉദ്വേഗജനകമായ ഈ രംഗത്തിലാണ് ‘ത്രീഡി ഫയല്‍ ബ്രൗസറോ!’ എന്നോര്‍ത്ത് കംപ്യൂട്ടര്‍ വിദഗ്ധര്‍ ചിരിക്കുക. അത്തരമൊന്നിന്റെ ആവശ്യമില്ലെന്നത് ഒരു കാര്യം. തത്സമയം ത്രീഡി ഗ്രാഫിക്സ് ഒരുക്കുക തൊണ്ണൂറുകളുടെ തുടക്കത്തില്‍ എളുപ്പമായിരുന്നില്ലെന്നത് മറ്റൊരു കാര്യം. എന്നാല്‍ ഇത്തരമൊരു ഫയല്‍ ബ്രൗസര്‍ അന്നുണ്ടായിരുന്നു എന്നതാണ് സത്യം.
എഴുപതുകളില്‍ വിപണിയിലെത്തുകയും തൊണ്ണൂറുകള്‍ വരെ കാര്യമായ പ്രചാരമുണ്ടാവുകയും ചെയ്ത ഓപ്പറേറ്റിങ് സിസ്റ്റമാണ് യുണീക്സ് (Unix). ഇതിന് ഒരുപാട് വകഭേദങ്ങളുണ്ടാവുകയും ഇതേ മാതൃക പിന്തുടര്ന്ന് പൂര്‍ണമായും വേറിട്ട സംരംഭങ്ങളുണ്ടാവുകയും ചെയ്തു. ഈ കുടുംബത്തില്‍ നിലവില്‍ സജീവമായ കണ്ണികളാണ് ഗ്നു/ലിനക്സ്, ആന്‍ഡ്രോയ്ഡ്, ബിഎസ്ഡി പതിപ്പുകള്‍ തുടങ്ങിയവ.
കംപ്യൂട്ടര്‍ ഗ്രാഫിക്സില്‍ വഴിത്തിരിവ് സൃഷ്ടിച്ച ‘സിലിക്കണ്‍ ഗ്രാഫിക്സി’ന്റെ കംപ്യൂട്ടറുകളാണ് ജുറാസിക് പാര്‍ക്കിലെ ഡിജിറ്റല്‍ രംഗങ്ങള്ക്കുപയോഗിച്ചിട്ടുള്ളത്. ‘ഇറ്റ്സ് എ യുണീക്സ് സിസ്റ്റം’ എന്ന രംഗത്തില്‍ ‘മുഖം കാണിക്കു’ന്നതും ഇതേ കംപ്യൂട്ടര്‍ സംവിധാനം തന്നെ. യുണീക്സ് കുടുംബത്തില്പ്പട്ട ‘ഐറിക്സ്’ (IRIX) ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതിലുള്ളത്. അതില്‍ ലഭ്യമായിരുന്ന ഒരു ത്രീഡി ഫയല്‍ ബ്രൗസറാണ് fsn (File System Navigator; ഉച്ചാരണം ‘ഫ്യൂഷന്‍’). ഇതാണ് ലക്സ് ഉപയോഗിക്കുന്നത്.
ഒരു ഫയല്‍ മാനേജര്‍ എന്ന നിലയില്‍ ഫ്യൂഷനില്‍ ഒരുപാട് സംവിധാനങ്ങളൊന്നും ഇല്ലായിരുന്നുവത്രേ. അതിന് മറ്റു രീതികള്‍ തന്നെയാണ് നല്ലത്. എന്നാല്‍ ഗ്രാഫിക്സ് രംഗത്തെ അതികായരായ സിലിക്കണ്‍ ഗ്രാഫിക്സിന് തങ്ങളുടെ കംപ്യൂട്ടറിന്റെ ആകര്‍ഷണീയതയും വേഗവും തെളിയിക്കാനുള്ള മാര്‍ഗങ്ങളിലൊന്നായിരുന്നു ഫ്യൂഷന്‍.
ഫ്യൂഷന്റെ പഴയ വെബ് പേജ് ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ കാണാം: https://web.archive.org/web/20070409024417/http://www.sgi.com/fun/freeware/3d_navigator.html
ഫ്യൂഷന്റെ ഒരു സ്വതന്ത്രസോഫ്റ്റ്വെയര് പതിപ്പ് ഇവിടെ (പുതിയ കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കണമെന്നില്ല): http://fsv.sourceforge.net/
Leave a Reply