വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്‍റെ വ്യാപനം ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളെയും ലോക്ക്ഡൗണില്‍ ആക്കിയശേഷം ഇപ്പോഴിതാ പല കമ്പനികളും തങ്ങളുടെ ഉത്പാദന യൂണിറ്റുകൾ ചൈനയിൽ നിന്ന് മാറ്റാൻ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതിന്‍റെ ഭാഗമെന്നോണം ആപ്പിൾ തങ്ങളുടെ ഉൽപാദനത്തിന്‍റെ 20 ശതമാനം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനും ഒരുങ്ങുന്നു.
ആപ്പിളിന്‍റെ മുതിർന്ന എക്സിക്യൂട്ടീവുകളും ചില ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ നീക്കം ചർച്ച ചെയ്തതായാണ് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്തെ പ്രാദേശിക ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ അടുത്തിടെ പുതിയ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) പദ്ധതി പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ നീക്കം. ഈ പദ്ധതി പ്രകാരം ഇന്ത്യയിലേക്ക് നിർമ്മാണം മാറ്റുന്ന കമ്പനികൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ, ആപ്പിൾ അതിന്‍റെ ഉപകരണങ്ങളുടെ നിർമ്മാണത്തിനായി ഫോക്സ്കോൺ, വിസ്ട്രോൺ എന്നീ നിര്‍മ്മാണ കമ്പനികളുമായി കരാറിലേർപ്പെട്ടിരിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആപ്പിൾ തങ്ങളുടെ പ്രാദേശിക വരുമാനം ഇന്ത്യയിൽ 40 ബില്ല്യൺ ഡോളറായി ഉയർത്താനാണ് ശ്രമിക്കുന്നത്.ഇന്ത്യയിൽ ആപ്പിൾ ഉപകരണങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ കയറ്റുമതി ആവശ്യങ്ങൾക്കായി മാത്രമായിരിക്കും എന്നത് ശ്രദ്ധേയമായൊരു കാര്യമാണ്.ആപ്പിൾ ഉടൻ തന്നെ ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോർ തുറക്കാനും തയ്യാറെടുക്കുന്നുണ്ടെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
Leave a Reply