ലോക്ഡൗൺ കാലത്ത് ശരിക്കും ലോക്ക് ആയി പോയ കുട്ടികളും യുവജനങ്ങളും ബോറടി മാറ്റുവാനുള്ള കാര്യങ്ങൾക്കായി റിസർച്ച് ചെയ്യ്തു കൊണ്ടിരിക്കുകയാണ്. പുറത്തു പോകുവാനോ കൂട്ടുകാർക്കൊപ്പം വിനോദങ്ങളിൽ ഏർപ്പെടുവാനോ ഒന്നുംസാധികാതെ വീടിനുള്ളിൽ തന്നെ ഇരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ് .ടെലിവിഷനിലും മൊബൈലിലും ഇൻറർനെറ്റിലും ഒക്കെ മാത്രമായി കുട്ടികൾ ഒതുങ്ങാതെ ഇരിക്കുവാൻ പല മാർഗ്ഗങ്ങളും ഇന്ന് പ്രചാരത്തിൽ ആകുന്നുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ മാർഗവുമായി എത്തിയിരിക്കുകയാണ് ടെക്നോളജി ഭീമൻമാരായ ഗൂഗിൾ.ഓഗമെന്‍റഡ് റിയാലിറ്റി അടിസ്ഥാനമാക്കി മൃഗങ്ങളുടെ 3D രൂപം സൃഷ്ടിക്കുന്ന ഗൂഗിൾ ത്രീ ഡി ആനിമൽ ഫീച്ചർ ആണിത്. 2019 ഗൂഗിൾ അവതരിപ്പിച്ച ഈ ഫീച്ചർ ഇപ്പോൾ വീണ്ടും ജനശ്രദ്ധ ആകർഷിക്കുകയാണ്.
ഗൂഗിൾ സെർച്ചിലൂടെ ത്രീഡി അനിമൽസ് സൃഷ്ടിക്കുവാനുള്ള സംവിധാനമാണ് ഓഗ്മെൻറ്റഡ് റിയാലിറ്റിലൂടെ ഗൂഗിൾ ഒരുക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. എന്നാലും ഈ പ്ലാറ്റ്ഫോമുകളിലെ ക്രോം വെബ് ബ്രൗസറിൽ മാത്രമാണിത് പ്രവർത്തിക്കുകയുള്ളൂ. കടുവ, കരടി, പൂച്ച, ചീങ്കണ്ണി, ആംഗ്ലർ ഫിഷ്, ചീറ്റ, നായ, താറാവ്, പരുന്ത്, പെൻഗിൻ, ആട്, കുതിര, പാമ്പ്, ആമ, സിംഹം, ചെമ്മരിയാട്, മുള്ളൻ പന്നി, നീരാളി തുടങ്ങിയ മൃഗങ്ങളുടെ ത്രീ ഡി രൂപങ്ങളാണ് നിലവില്‍ എ ആറില്‍ ലഭ്യമാകുക.
ഗൂഗിൾ ത്രീഡി ആനിമലിൽ മൃഗത്തെ കാണുന്നതിനായി ഫോണിലെ ഗൂഗിൾ ക്രോമിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മൃഗമേത് എന്ന് ടൈപ്പ് ചെയ്യുക. ഉദാഹരണമായി, lion എന്നു ടൈപ്പ് ചെയ്യുക. തുടർന്ന് വരുന്ന റിസൾട്ട് പേജിൽ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ meet a life sized lion up close എന്നെഴുതിയ ബോക്സിൽ view in 3D എന്ന ഓപ്ഷൻ കാണാം. ആ ബോക്സിനോട് ചേർന്നു സിംഹത്തിന്റെ ശാസ്ത്രീയനാമം, ആയുസ്സ്, ഭക്ഷണക്രമം എന്ന് തുടങ്ങിയ വിവരങ്ങൾ നൽകിയിട്ടുണ്ടാകും. View in 3D ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണിന്റെ സ്ക്രീനിൽ സിംഹത്തിന്റെ പ്രതിബിംബം കാണാനാകും. തുടർന്ന് ഫോണില്‍ കാണുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ഫോൺ ചലിപ്പിച്ചാൽ മുറിയിൽ സിംഹത്തിന്റെ ത്രീഡി രൂപം കാണാൻ സാധിക്കും. അര മിനിറ്റിനുശേഷം ഈ ത്രീഡി രൂപം മാഞ്ഞു പോകുകയും ചെയ്യും. മൃഗങ്ങളുടെത് കൂടാതെ ഗൂഗിൾ ത്രീഡി ഫീച്ചർ ചൊവ്വ, ഭൂമി, പ്ലൂട്ടോ തുടങ്ങിയ പ്ലാനറ്റുകളുടെയും ത്രീഡി രൂപങ്ങൾ ദൃശ്യമാക്കുന്നതാണ്.
Leave a Reply